ന്യൂഡൽഹി: കോൺഗ്രസിൽ അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിന് വെള്ളിയാഴ്ച മുതൽ നാമനിർദേശ പത്രിക സ്വീകരിച്ചുതുടങ്ങുമെന്ന് തെരഞ്ഞെടുപ്പ് അതോറിറ്റി ചെയർമാൻ മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു. ഡിസംബർ നാലു വരെ പത്രിക സമർപ്പിക്കാം. അഞ്ചിന് സൂക്ഷ്മപരിശോധന നടക്കും. എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും പത്രിക സ്വീകരിക്കുന്നതിന് ക്രമീകരണം ഒരുക്കിയിട്ടുണ്ട്.
കേരളത്തിൽ പത്രിക സ്വീകരിക്കുന്നതിന് സംസ്ഥാന വരണാധികാരി സുദർശന നാച്ചിയപ്പനെ നിയോഗിച്ചു. 10 പ്രവർത്തകരുടെ നാമനിർദേശത്തോടെ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് പത്രിക സമർപ്പിക്കാമെന്ന് മുല്ലപ്പള്ളി വിശദീകരിച്ചു.
കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി പ്രസിഡൻറാവുന്നതിനുള്ള അരങ്ങൊരുക്കമാണ് കോൺഗ്രസിൽ നടക്കുന്നത്. കേരളം അടക്കം എല്ലാ സംസ്ഥാനങ്ങളിൽനിന്നും അദ്ദേഹത്തിനു വേണ്ടിയുള്ള പത്രികകൾ ഡൽഹിയിലെത്തും. മറ്റാരും പത്രിക നൽകാൻ ഇടയില്ല. കോൺഗ്രസ് അധ്യക്ഷയായി സോണിയ ഗാന്ധി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ, സോണിയക്കു വേണ്ടി ആകെ 56 പത്രികകളാണ് സമർപ്പിച്ചിരുന്നത്. കേരളത്തിൽനിന്ന് മുതിർന്ന നേതാക്കൾ ഒപ്പുവെച്ച മൂന്നു സെറ്റ് പത്രികകളാണ് ഡൽഹിക്ക് അയച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.