ബംഗളൂരു: കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജെവാല കെ.പി.സി.സി ഒാഫിസിൽ നടത്തിയ വാർത്തസമ്മേളനത്തിൽനിന്ന് ടൈംസ് നൗ, റിപ്പബ്ലിക് ചാനൽ റിപ്പോർട്ടർമാരെ തടഞ്ഞു. അമിത് ഷായുടെ കുടുംബത്തിലെ ബിസിനസ് ഇടപാടുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ട് നടത്തിയ വാർത്തസമ്മേളനത്തിനിടെയാണ് സംഭവം. സുർജെ വാലയുടെ നിർദേശപ്രകാരമാണ് ചാനൽ റിപ്പോർട്ടർമാരെ വിലക്കിയത്. അപ്രതീക്ഷിത നടപടിയിൽ മറ്റു മാധ്യമപ്രവർത്തകർ പ്രതിഷേധിച്ചെങ്കിലും തീരുമാനത്തിൽ മാറ്റമുണ്ടായില്ല.
ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ മകെൻറ ബിസിനസുമായി ബന്ധപ്പെട്ട് ‘ദ വയർ’ ഒാൺലൈൻ പത്രം പ്രസിദ്ധീകരിച്ച റിപ്പോർട്ടിലെ ആരോപണങ്ങൾ അന്വേഷിക്കണമെന്ന് സുർജെവാല ആവശ്യപ്പെട്ടു. ശരിയായ അേന്വഷണം നടന്നാൽ അമിത്ഷാ താഴെയിറങ്ങേണ്ടിവരും. ഇക്കാര്യത്തിൽ നരേന്ദ്ര മോദി മൗനം വെടിയണം. അതിന് പകരം പത്രത്തെ നിരോധിക്കാൻ നടത്തുന്ന നീക്കം കാപട്യമാണ്. ഭരിക്കുന്ന പാർട്ടിയുടെ ഏജൻറുമാരായി നിൽക്കുന്നതിന് പകരം, അവരുടെ നിക്ഷിപ്ത താൽപര്യത്തെ പുറത്തുകൊണ്ടുവരുകയാണ് മാധ്യമപ്രവർത്തകർ ചെയ്യേണ്ടതെന്നും അദ്ദേഹം ചാനൽ പ്രവർത്തകരെ പുറത്താക്കിയതിനെ ന്യായീകരിച്ചു. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മരുമകനായ റോബർട്ട് വാദ്രക്കെതിരെ ഇരു ചാനലുകളും അഴിമതി ആരോപണങ്ങൾ ഉന്നയിച്ചതാണ് വിലക്കിന് കാരണമെന്നറിയുന്നു.
കെ.പി.സി.സി പ്രസിഡൻറ് ജി. പരമേശ്വര, വർക്കിങ് പ്രസിഡൻറ് ദിനേശ് ഗുണ്ടുറാവു തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ സന്നിഹിതരായിരുന്നെങ്കിലും ബഹിഷ്കരണത്തോട് ആരും പ്രതികരിച്ചില്ല. ചാനൽ പ്രവർത്തകരെ വാർത്തസമ്മേളനത്തിൽനിന്ന് വിലക്കിയതിൽ നാഷനൽ മീഡിയ ഫോറം പ്രതിഷേധിച്ചു. രാഷ്ട്രീയ പാർട്ടികളും ചാനലുകളും തമ്മിലെ പോരിലേക്ക് റിപ്പോർട്ടർമാരെ വലിച്ചിഴക്കരുതെന്ന് മീഡിയ ഫോറം ബംഗളൂരു പ്രസിഡൻറ് വിജയ് ഗ്രോവർ ആവശ്യപ്പെട്ടു. തുടർന്നുള്ള വാർത്തസമ്മേളനങ്ങളിൽ ഇരു ചാനലുകളെയും പെങ്കടുപ്പിക്കുമെന്ന് വർക്കിങ് പ്രസിഡൻറ് ദിനേശ് ഗുണ്ടുറാവു അറിയിച്ചതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.