ന്യൂഡൽഹി: പരസ്പരം പോരടിക്കുന്ന രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ടിനെയും മുൻ ഉപമുഖ്യമന്ത്രി സചിൻ പൈലറ്റിനെയും ഡൽഹിയിലേക്ക് വിളിച്ച കോൺഗ്രസ് നേതൃത്വം നിയമസഭ തെരഞ്ഞെടുപ്പ് വരെയുള്ള വെടിനിർത്തലിന് അനുരഞ്ജന നിർദേശം മുന്നോട്ടുവെച്ചു. സചിൻ പൈലറ്റിനെ രാജസ്ഥാൻ പ്രദേശ് കോൺഗ്രസ് പ്രസിഡന്റാക്കി ഗെഹ് ലോട്ടിന്റെ വലംകൈയായ നിലവിലുള്ള പ്രസിഡന്റ് ഗോവിന്ദ് സിങ് ഡോഠാസറക്ക് ഉപമുഖ്യമന്ത്രിപദം നൽകുകയെന്ന നിർദേശമാണ് കോൺഗ്രസ് നേതൃത്വം മുന്നോട്ടുവെച്ചത്. സിദ്ധരാമയ്യയെയും ശിവകുമാറിനെയും ഒരുമിച്ചുനിർത്തിയത് കർണാടകയിലെ വിജയത്തിൽ നിർണായകമായെന്ന വിലയിരുത്തലിലാണ് ഇരുവരെയും മുഖ്യമന്ത്രി-പി.സി.സി പ്രസിഡന്റ് പദവികളിൽ നിർത്തി ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടാനുള്ള പരിശ്രമം മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും നടത്തുന്നത്.
സചിനെ പി.സി.സി പ്രസിഡന്റാക്കുന്നതുമൂലം രാജസ്ഥാനിലെ വലിയൊരു വോട്ടുബാങ്കായ ജാട്ടുകൾ പാർട്ടിയുമായി അകലാതിരിക്കാനാണ് ജാട്ട് നേതാവായ ഡോഠാസറക്ക് ഉപമുഖ്യമന്ത്രി പദം നൽകാൻ ആവശ്യപ്പെടുന്നത്. ജാട്ട് നേതാവായ സതീഷ് പൂനിയയെ ബി.ജെ.പി ഈയിടെ രാജസ്ഥാൻ പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റിയിരുന്നു.
ഗെഹ് ലോട്ടിനെതിരെ യാത്ര നടത്തിയ പൈലറ്റിനെ അടുത്ത തെരഞ്ഞെടുപ്പിനുള്ള മുഖ്യമന്ത്രി സ്ഥാനാർഥിയായി അവതരിപ്പിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് ഇത്തരമൊരു നിർദേശം മുന്നോട്ടുവെച്ചത്. എന്നാൽ, പി.സി.സി പ്രസിഡന്റ് സ്ഥാനത്തിനുപുറമെ 75 സീറ്റുകളിൽ താൻ പറയുന്ന സ്ഥാനാർഥികൾക്ക് ടിക്കറ്റ് നൽകണമെന്ന ഉപാധി കൂടി പൈലറ്റ് മുന്നോട്ടുവെക്കുമെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്. അതേസമയം, കോൺഗ്രസും ഹൈകമാൻഡും ശക്തമാണെന്നും ഏതെങ്കിലും പദവി തനിക്ക് വേണമെന്ന് പറയാൻ ഒരാൾക്കും പാർട്ടിയിൽ കഴിയില്ലെന്നുമാണ് ചർച്ചക്കുമുമ്പേ അശോക് ഗെഹ് ലോട്ട് മാധ്യമങ്ങളോട് പ്രതികരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.