ന്യൂഡൽഹി: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്. 31 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളുടെ പേരുകളാണ് വെള്ളിയാഴ്ച പ്രഖ്യാപിച്ചത്.
ഗുസ്തി താരം വിനേഷ് ഫോഗട്ടും പട്ടികയിൽ ഇടംനേടി. ജുലാനയിൽ നിന്നാണ് താരം മത്സരിക്കുന്നത്. ബജ്റങ് പൂനിയക്കൊപ്പം മണിക്കൂറുകൾക്കു മുമ്പാണ് വിനേഷ് കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്. മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡ ഗർഹി സാംബ്ല-കിലോയി സീറ്റിൽ മത്സരിക്കും. മുതിർന്ന നേതാക്കളായ സുരേന്ദർ പൻവാർ സോനിപത്തിലും ജഗ്ബീർ സിങ് മാലിക് ഗൊഹാനയിലും ഭരത് ഭൂഷൺ ബത്ര റോത്തക്കിലും മത്സരിക്കും. ഒക്ടോബർ അഞ്ചിനാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ്.
എട്ടിന് വോട്ടെണ്ണലും നടക്കും. ഈമാസം 12ആണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി.
എ.ഐ.സി.സി ആസ്ഥാനത്ത് എത്തിയാണ് വിനേഷ് കോൺഗ്രസ് അംഗത്വം സീകരിച്ചത്. കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്നതിൽ അഭിമാനമുണ്ടെന്നും തെരുവിൽനിന്ന് നിയമസഭ വരെ പോരാടാൻ തയാറാണെന്നും വാർത്താസമ്മേളനത്തിൽ വിനേഷ് ഫോഗട്ട് പ്രതികരിച്ചിരുന്നു. വനിത ഗുസ്തി താരങ്ങൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ ബി.ജെ.പി നേതാവും ദേശീയ ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷനുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരായ പോരാട്ടം തുടരുമെന്നും വിനേഷ് വ്യക്തമാക്കി.
കോൺഗ്രസിനെയും രാജ്യത്തെയും ശക്തിപ്പെടുത്താൻ പരിശ്രമിക്കുമെന്ന് ബജ്‌റംഗ് പുനിയ പറഞ്ഞു. കോൺഗ്രസ് പ്രവേശനത്തിന് മുമ്പ് ഇരുവരും റെയിൽവേ ഉദ്യോഗം രാജിവെച്ചു. ഇന്ത്യൻ റെയിൽവേയോട് ചേർന്നിരിക്കുന്ന എന്റെ ജീവിതത്തെ അതിൽനിന്ന് വേർപെടുത്താൻ തീരുമാനിച്ചുവെന്നും രാജിക്കത്ത് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് സമർപ്പിച്ചുവെന്നും വിനേഷ് ഫോഗട്ട് വെള്ളിയാഴ്ച രാവിലെ എക്സിൽ കുറിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.