ന്യൂഡൽഹി: ‘രാജ്യത്തിനായി സംഭാവനയർപ്പിക്കൂ’ എന്ന പേരിൽ കോൺഗ്രസ് ഓൺലൈൻ ക്രൗഡ്ഫണ്ടിങ്ങിന്. പ്രതിപക്ഷ കക്ഷികളുടെ ധനാഗമന വഴികൾക്കുമേൽ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് മോദി സർക്കാർ പിടിമുറുക്കുന്നതിനിടയിലാണ് കോൺഗ്രസിന്റെ ആം ആദ്മി പാർട്ടിയുടെ മാതൃകയിലുള്ള ക്രൗഡ് ഫണ്ടിങ്.
18ന് പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷന്മാരുടെ സാന്നിധ്യത്തിൽ പദ്ധതിക്ക് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ന്യൂഡൽഹിയിൽ തുടക്കം കുറിക്കുമെന്ന് സംഘടന ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും ട്രഷറർ അജയ് മാക്കനും പാർട്ടി ആസ്ഥാനത്ത് വാർത്തസമ്മേളനത്തിൽ അറിയിച്ചു. ദേശീയ പ്രസ്ഥാനത്തിനായി മഹാത്മ ഗാന്ധി 1920-21ൽ തുടങ്ങിയ ‘തിലക് സ്വരാജ് ഫണ്ടി’ന്റെ മാതൃകയിലണ് ഫണ്ട് വിഭാവനം ചെയ്തിരിക്കുന്നതെന്ന് വേണുഗോപാൽ പറഞ്ഞു.
ഇന്ത്യൻ നാഷനൽ കോൺഗ്രസിന് 138 വർഷം പൂർത്തിയാകുന്ന വേളയെ കുറിക്കാൻ 138 രൂപയോ, 1380,13,800 എന്നിങ്ങനെ അതിന്റെ ഗുണിതങ്ങളോ ആയി സംഭാവന സ്വീകരിക്കും. നല്ല ഇന്ത്യക്ക് വേണ്ടി കോൺഗ്രസിനെ ശക്തിപ്പെടുത്താൻ ആഗ്രഹിക്കുന്ന എല്ലാവരിൽനിന്നും സംഭാവന സ്വീകരിക്കും.
കോൺഗ്രസിനായി ചുരുങ്ങിയത് 1380 രൂപ സംഭാവന നൽകാൻ കഴിയുന്ന ദാതാക്കളുടെ പട്ടിക തയാറാക്കാൻ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ, ജില്ല കോൺഗ്രസ് കമ്മിറ്റികൾ, പ്രദേശ് കോൺഗ്രസ് കമ്മിറ്റികൾ, അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റി തുടങ്ങിയവയുടെ ഭാരവാഹികൾ എന്നിവരോട് ആവശ്യപ്പെടും. സംഭാവന സ്വീകരിക്കാൻ മാത്രമായി കോൺഗ്രസ് www.donateinc.in എന്ന പേരിൽ വെബ്സൈറ്റ് തുടങ്ങിയിട്ടുണ്ട്. ഇത് കൂടാതെ കോൺഗ്രസിന്റെ ഔദ്യോഗിക വെബ്സൈറ്റ് ആയ www.inc.in വഴിയും ഓൺലൈൻ സംഭാവന സ്വീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.