ജയ്പൂർ: ഇന്ത്യയുടെ തെറ്റായ ഭൂപടം പ്രദർശിപ്പിച്ചതിന് പിന്നാലെ മുൻ ബി.ജെ.പി എം.എൽ.എയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ്. മുൻ എം.എൽ.എയായ കൈലാഷ് വർമയാണ് ഇന്ത്യയുടെ ഭൂപടം തെറ്റായി പ്രദർശിപ്പിച്ചത്. കഴിഞ്ഞ ദിവസം വർമ ഫേസ്ബുക്കിൽ പങ്കുവെച്ച ബി.ജെ.പി പ്രചാരണ വിഡിയോയിലാണ് ജമ്മു കശ്മീരിനെയും ലഡാക്കിനെയും ഒഴിവാക്കിയുള്ള ഭൂപടം പ്രത്യക്ഷപ്പെട്ടത്.
ജമ്മു കശ്മീരിൽ “ഉയർന്ന അവകാശവാദങ്ങൾ” ഉന്നയിക്കാൻ അവസരം നൽകാത്ത സ്വന്തം പാർട്ടിയുടെ നിലപാടാണ് വർമ ഭൂപടത്തിലൂടെ നിരാകരിച്ചതെന്ന് കോൺഗ്രസ് വക്താവ് സ്വർണിം ചതുർവേദി പറഞ്ഞു. ഏറെ കാലങ്ങളായി ഇന്ത്യ വിരുദ്ധ ശക്തികൾ ചെയ്യുന്ന അതേ കാര്യമാണ് വർമ ചെയ്തിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരം ഇന്ത്യ വിരുദ്ധ വിഡിയോകൾ പ്രദർശിപ്പിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ചതുർവേദി ആവശ്യപ്പെട്ടു.
എന്തുകൊണ്ടാണ് കൈലാഷ് വർമ ഇന്ത്യയുടെ ഭൂപടത്തിൽ നിന്നും ജമ്മു കശ്മീരിന്‍റെ ഭാഗങ്ങൾ ഒഴിവാക്കിയതെന്നും ഇത് ഐക്യരാഷ്ട്രത്തിനായി ജീവൻ ബലിയർപ്പിച്ച സൈനികരുടെ രക്തസാക്ഷിത്വത്തെ അപമാനിക്കുന്നതിന് തുല്യമാണെന്നും രാജസ്ഥാൻ പി.സി.സി ട്വിറ്ററിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.