ന്യൂഡൽഹി: ബിഹാർ തെരഞ്ഞെടുപ്പ് അടുത്തതോടെ കോൺഗ്രസിനെ കടന്നാക്രമിച്ച് തീവ്രമുഖവുമായി ബി.ജെ.പി. കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ, ബി.ജെ.പി ദേശീയ പ്രസിഡൻറ് ജെ.പി നദ്ദ എന്നിവർ കോൺഗ്രസിനെതിരെ അതിരൂക്ഷമായി വിമർശിച്ച് രംഗത്തെത്തി.
പാകിസ്താനും അഫ്ഗാനിസ്താനും അടക്കമുള്ളവർ ഇന്ത്യയേക്കാൾ നന്നായി കോവിഡിനെ പ്രതിരോധിച്ചെന്ന രാഹുലിെൻറ വാദവും കശ്മീരിൽ ആർട്ടിക്കിൾ 370 പുനസ്ഥാപിക്കണമെന്ന പി.ചിദംബരത്തിെൻറ പ്രസ്താവനയും ചൂണ്ടിക്കാട്ടി ജെ.പി നദ്ദ പ്രതികരിച്ചതിങ്ങനെ: ''കോൺഗ്രസിന് നല്ല ഭരണനിര്‍വഹണത്തിനായി യാതൊരു അജൻഡകളുമില്ല. അവർ ബിഹാർ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഇന്ത്യയെ വിഭജിക്കുന്നതിനുള്ള തന്ത്രങ്ങളിലേക്ക് മടങ്ങിയിരിക്കുകയാണ്.
രാഹുൽ ഗാന്ധി പാകിസ്താനെ പുകഴ്ത്തുകയും ചിദംബരം ആർട്ടിക്കിൾ 370 പുനസ്ഥാപിക്കണമെന്ന് കോൺഗ്രസിനുവേണ്ടി പറയുകയും ചെയ്യുന്നു''.
ആർട്ടിക്കിൾ370 പുനസ്ഥാപിക്കുമെന്ന് ബിഹാറിലെ തെരഞ്ഞെടുപ്പ് പത്രികയിൽ ഉൾപ്പെടുത്താൻ ധൈര്യമുണ്ടോയെന്ന് പ്രകാശ് ജാവദേക്കർ കോൺഗ്രസിനെ വെല്ലുവിളിച്ചു. കോൺഗ്രസ് ജനങ്ങളെ വോട്ടിനായി വിഭജിക്കുകയാണെന്നും ജാവദേക്കർ കൂട്ടിച്ചേർത്തു.
ജമ്മവിലും കശ്മീരിലുമുള്ള പുരോഗതി ജനങ്ങൾക്ക് കാണാൻ സാധിച്ചിട്ടുണ്ട്. കോൺഗ്രസിന് ഇപ്പോഴും വിഘടനവാദികളുടെ സ്വരമാണ്. രാജ്യത്തിെൻറ വികാരങ്ങൾ മനസ്സിലാക്കാൻ കഴിയാത്തതുകൊണ്ടാണ് കോൺഗ്രസ് ചുരുങ്ങിപ്പോയതെന്നും ജാവദേക്കർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.