ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ വൻ നഗരങ്ങളിൽ ബി.ജെ.പി നേരിയ നേട്ടമുണ്ടാക്കിയപ്പോൾ ചെറു നഗരങ്ങളിൽ കോൺഗ്രസിന്റെ മികച്ച തിരിച്ചുവരവ്. ഇരു മുന്നണികളിലെയും സഖ്യകക്ഷികൾ നേട്ടം കൊയ്തതായും സി.എസ്.ഡി.എസ്-ലോക്നീതി നടത്തിയ തെരഞ്ഞെടുപ്പാനന്തര സർവേ വ്യക്തമാക്കുന്നു. ചെറു നഗരങ്ങളെ അപേക്ഷിച്ച് വൻ നഗരങ്ങളിലെ വോട്ടർമാർ ബി.ജെ.പിയോട് ആഭിമുഖ്യം പുലർത്തി. ഗ്രാമീണ മേഖലയിൽ കോൺഗ്രസിന് മൂന്നു ശതമാനം നേട്ടമുണ്ടാക്കാനായി. ബി.ജെ.പിക്ക് ഒരു ശതമാനം കുറഞ്ഞു.
അതേസമയം, ചെറുനഗരങ്ങളിൽ കോൺഗ്രസിന് കാര്യമായ പിന്തുണ ലഭിച്ചു. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് കോൺഗ്രസിന് ഇവിടെ ഏഴ് ശതമാനം വർധിച്ചപ്പോൾ ബി.ജെ.പിക്ക് മൂന്ന് ശതമാനത്തിെന്റ കുറവുണ്ടായി. കോൺഗ്രസിനെ 25 ശതമാനം അനുകൂലിച്ചപ്പോൾ ബി.ജെ.പിയെ 37 ശതമാനം സഹായിച്ചു. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ഇത്തവണ കോൺഗ്രസിന്റെ പിന്തുണയിൽ വർധനയുണ്ടായി.
വൻ നഗരങ്ങളിലെ 23 ശതമാനം പേർ കോൺഗ്രസിന് വോട്ട് ചെയ്തപ്പോൾ 38 ശതമാനമാണ് ബി.ജെ.പിയെ പിന്തുണച്ചത്. 2019നെ അപേക്ഷിച്ച് കോൺഗ്രസിന് രണ്ട് ശതമാനത്തിെന്റ പിന്തുണ കുറഞ്ഞു. ബി.ജെ.പിക്ക് ഒരു ശതമാനം വർധനയുണ്ടായി. അതേസമയം, കോൺഗ്രസ് സഖ്യകക്ഷികൾക്ക് ആറ് ശതമാനവും ബി.ജെ.പി സഖ്യകക്ഷികൾക്ക് ഒരു ശതമാനവും പിന്തുണ കൂടി. യഥാക്രമം 13ഉം ആറും ശതമാനമാണ് സഖ്യകക്ഷികൾക്ക് ലഭിച്ച പിന്തുണ.
നഗരങ്ങളിലെ പാവപ്പെട്ടവരിൽ 38 ശതമാനം ബി.ജെ.പിയെ പിന്തുണച്ചു. 22 ശതമാനമാണ് കോൺഗ്രസിനൊപ്പം നിന്നത്. ഗ്രാമങ്ങളിലെ പാവപ്പെട്ടവരിൽ 37 ശതമാനം ബി.ജെ.പിയോടൊപ്പം നിന്നപ്പോൾ 21 ശതമാനം കോൺഗ്രസിനെ സഹായിച്ചു. കോൺഗ്രസ് സഖ്യകക്ഷികൾക്ക് മൂന്ന് ശതമാനവും ബി.ജെ.പി സഖ്യകക്ഷികൾക്ക് ഒരു ശതമാനവും പിന്തുണ കൂടി. ഗ്രാമങ്ങളിൽ 20 ശതമാനമാണ് കോൺഗ്രസിനൊപ്പം നിന്നത്.
36 ശതമാനം ബി.ജെ.പിക്കും വോട്ട് ചെയ്തു. ഇവിടെ കോൺഗ്രസിന് ഒരു ശതമാനം കൂടിയപ്പോൾ ബി.ജെ.പിക്ക് ഒരു ശതമാനം കുറഞ്ഞു. കോൺഗ്രസ് സഖ്യകക്ഷികൾ ആറ് ശതമാനം വർധന നേടിയേപ്പാൾ ബി.ജെ.പി സഖ്യകക്ഷികൾക്ക് ഒരു ശതമാനം നഷ്ടമായി.
സ്ത്രീ, പുരുഷ വോട്ടർമാരുടെ അനുപാതത്തിലും 2019നെ അപേക്ഷിച്ച് നേരിയ മാറ്റമാണുണ്ടായത്. പുരുഷൻമാരിൽ 21 ശതമാനം കോൺഗ്രസിനെ പിന്തുണച്ചു. ബി.ജെ.പിക്കൊപ്പം നിന്നത് 37 ശതമാനമാണ്. സ്ത്രീ വോട്ടർമാരിൽ 22 ശതമാനം കോൺഗ്രസിനെ സഹായിച്ചപ്പോൾ 36 ശതമാനം ബി.ജെ.പിയെ പിന്തുണച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.