ചാരപ്പണിയുടെ കാര്യത്തിൽ കോൺഗ്രസ് 'ജെയിംസ് ബോണ്ട്' ആയിരുന്നു; കേന്ദ്ര സർക്കാറിനെ ന്യായീകരിച്ച് മന്ത്രി മുക്താർ അബ്ബാസ് നഖ്​വി

ന്യൂഡൽഹി: പെഗസസ് ഫോൺ ചോർത്തൽ വിവാദത്തിൽ കേന്ദ്ര സർക്കാർ പ്രതിക്കൂട്ടിലായിരിക്കേ, കോൺഗ്രസിനെതിരെ ആരോപണവുമായി കേന്ദ്ര ന്യൂനപക്ഷക്ഷേമ മന്ത്രി മുക്താർ അബ്ബാസ് നഖ്​വി. അധികാരത്തിലിരുന്ന കാലത്ത് ചാരപ്പണിയുടെ കാര്യത്തിൽ ജെയിംസ് ബോണ്ടായിരുന്നു കോൺഗ്രസെന്ന് മന്ത്രി വിമർശിച്ചു. ഇപ്പോൾ കെട്ടിച്ചമച്ച കാര്യങ്ങൾ ഉന്നയിച്ച് പാർലമെന്‍റിന്‍റെ സമയം കളയുകയാണ് കോൺഗ്രസെന്നും മുക്താർ അബ്ബാസ് നഖ്​വി പറഞ്ഞു.

ആരോപണങ്ങൾ ഉന്നയിച്ച് തടിതപ്പുന്ന നയമാണ് കോൺഗ്രസും അവരോടൊപ്പമുള്ള പ്രതിപക്ഷ പാർട്ടികളും സ്വീകരിക്കുന്നത്. ജനങ്ങളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പാർലമെന്‍റിൽ ചർച്ച ചെയ്യാൻ കേന്ദ്രം തയാറാണ്. ഇപ്പോഴത്തെ പ്രശ്നങ്ങൾ അവസാനിച്ച് ഇരുസഭകളും സുഗമമായി പ്രവർത്തിക്കാൻ അവസരമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പി.ടി.െഎക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണത്തിൽ ഐ.ടി മന്ത്രി രാജ്യസഭയിൽ മറുപടി നൽകിയിരുന്നു. മറുപടിയിൽ കാര്യങ്ങൾ വ്യക്തമാകുമായിരുന്നു. എന്നാൽ, വ്യക്തത വരുത്തുന്നതിന് പകരം ബഹളമുണ്ടാക്കുകയും അക്രമാസക്തരാകുകയുമാണ് പ്രതിപക്ഷം ചെയ്തത്.

പ്രതിപക്ഷത്തിന്‍റെ സ്വയംപ്രഖ്യാപിത നേതാവാകാനാണ് കോൺഗ്രസിന്‍റെ ശ്രമം. നല്ലരീതിയിൽ ചിന്തിക്കുന്ന പ്രതിപക്ഷ കക്ഷികളെ പോലും അവർ ഹൈജാക്ക് ചെയ്യുകയാണ് -മന്ത്രി പറഞ്ഞു.

പെഗസസ് ഫോൺ ചോർത്തലുമായി ബന്ധപ്പെട്ട് ഇരുസഭകളും സ്തംഭിച്ചിരിക്കുകയാണ്. വിഷയത്തിൽ ചർച്ച വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുമ്പോൾ, ചർച്ച ആവശ്യമില്ലെന്ന നിലപാടിലാണ് കേന്ദ്ര സർക്കാർ. 

Tags:    
News Summary - Congress Was "James Bond Of Spying": Union Minister On Pegasus Row

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.