ഹൈദരാബാദ്: തെരഞ്ഞെടുപ്പ് നടക്കുന്ന തെലങ്കാനയുൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലും കോൺഗ്രസ് വിജയിക്കുമെന്ന് കോൺഗ്രസ് നേതാവും രാജസ്ഥാൻ മുഖ്യമന്ത്രിയുമായ അശോക് ഗെഹ്‍ലോട്. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ പ്രതിപക്ഷ നേതാക്കൾക്കെതിരെ കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
താഴെതട്ടിൽ നിന്നുള്ള റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് അഞ്ചിടത്തും വിജയിക്കുമെന്ന് പറയുന്നതെന്ന് അദ്ദേഹം പറഞ്ഞു. തെലങ്കാന പ്രത്യേക സംസ്ഥാനമെന്ന വാഗ്ദാനം കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി പാലിച്ചതിന് ശേഷം തെലങ്കാനയിൽ കോൺഗ്രസ് സർക്കാർ രൂപീകരിച്ചിരുന്നുവെങ്കിൽ സംസ്ഥാനം കൂടുതൽ ഉയരങ്ങളിലെത്തുമായിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു.
ബി.ആർ.എസ് സർക്കാർ നല്ല ഭരണം കാഴ്ച വെക്കുന്നതിൽ പരാജയപ്പെട്ടുവെന്നും ബി.ആർ.എസും ബി.ജെ.പിയും തമ്മിലുള്ള മൗന ധാരണയുടെ റിപ്പോർട്ടുകൾ ഇപ്പോൾ ഉയർന്നുവരുന്നതായും ഗെഹ്‌ലോട് പറഞ്ഞു.
പ്രധാനമന്ത്രിയുടെ പേപ്പർ ചോർച്ച ആരോപണം നിക്ഷേധിച്ച അദ്ദേഹം സമാനമായ സംഭവങ്ങൾ ഗുജറാത്തിലും ഉത്തർപ്രദേശിലും തെലങ്കാനയിലും സംഭവിച്ചിട്ടുണ്ടെന്നും പേപ്പർ ചോർച്ചയിൽ ഏർപ്പെടുന്നവർക്ക് ജീവപര്യന്തം തടവ് ശിക്ഷ നൽകാനുള്ള നിയമം രാജസ്ഥാൻ പാസാക്കിയിട്ടുണ്ടെന്നും വ്യക്തമാക്കി.
രാജ്യത്തെ സംഭവിക്കുന്ന കാര്യങ്ങൾ ജനാധിപത്യത്തിന് അപകടമാണെന്നും അന്വേഷണ ഏജൻസികളുടെ വിശ്വാസ്യത നഷ്ടപ്പെടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.