കർണാടകയിൽ ജനക്ഷേമ പദ്ധതിയുമായി കോൺഗ്രസ്; വീട്ടമ്മമാർക്ക് പ്രതിമാസം 2,000 രൂപ

ബംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പ് അടുക്കുന്ന കർണാടകയിൽ ജനക്ഷേമ പദ്ധതികളുമായി കോൺഗ്രസ്. എല്ലാവർക്കും എല്ലാ മാസവും 200 യൂനിറ്റ് സൗജന്യ വൈദ്യുതിയെന്ന വാഗ്ദാനത്തിന് പിന്നാലെ വീട്ടമ്മമാർക്ക് പ്രതിമാസം 2,000 രൂപ വരുമാനം ലഭിക്കുന്ന ‘ഗൃഹലക്ഷ്മി യോജന’ പദ്ധതി പ്രഖ്യാപിച്ചു.ബംഗളൂരു പാലസ് മൈതാനത്ത് ‘നാ നായകി സമാവേശ’ (ഞാനുമൊരു വനിത നേതാവ്) എന്ന പേരിൽ നടന്ന മഹിള കോൺഗ്രസ് സമ്മേളന വേദിയിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പദ്ധതി അവതരിപ്പിച്ചു.

വർധിച്ചുവരുന്ന ദൈനംദിന ഗാർഹിക ചെലവ് താങ്ങാൻ ഒരു വീട്ടിലെ കുടുംബിനിക്ക് ഉപാധികളില്ലാതെ 2000 രൂപ നൽകുന്ന പദ്ധതിയാണിത്. വർഷത്തിൽ 24,000 രൂപ ലഭിക്കും. കർണാടകയിലെ 1.5 കോടി വനിതകൾക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും. മേയിൽ നടക്കുമെന്ന് പ്രതീക്ഷിക്കുന്ന കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനാണ് പ്രവചന സാധ്യതകൾ. ഇത് ലക്ഷ്യമിട്ട് മാസങ്ങൾക്ക് മുമ്പെ കോൺഗ്രസ് പ്രചാരണപ്രവർത്തനങ്ങൾക്ക് തുടക്കമിട്ടിരുന്നു.

വനിതകൾക്ക് മാത്രമായി പ്രത്യേക തെരഞ്ഞെടുപ്പ് പത്രിക പുറത്തിറക്കുമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. ലജ്ജാകരമാണ് കർണാടകയിലെ സാഹചര്യം. ബി.ജെ.പി സർക്കാർ അഴിമതിയിൽ മുങ്ങിക്കുളിച്ചിരിക്കുകയാണ്.ജോലിക്ക് മന്ത്രിമാർ 40 ശതമാനം കമീഷൻ വാങ്ങുന്നു. പൊതുഖജനാവിലെ ഒന്നര ലക്ഷം കോടിരൂപയാണ് അഴിമതിയിലൂടെ കൊള്ളയടിച്ചത്. എസ്.ഐ റിക്രൂട്ട്മെന്റ് അഴിമതി ചൂണ്ടിക്കാട്ടിയ പ്രിയങ്ക, കൈക്കൂലിയില്ലാതെ കർണാടകയിൽ ഒന്നും നടക്കില്ലെന്നതാണ് സ്ഥിതിയെന്ന് കുറ്റപ്പെടുത്തി.

ജോലിക്കായി മക്കളെ പഠിപ്പിച്ചു വലുതാക്കുന്ന നിങ്ങൾ ഇതാണോ ഭരണാധികാരികളിൽനിന്ന് പ്രതീക്ഷിക്കുന്നത്? ബി.ജെ.പി സർക്കാറിന് കീഴിൽ നിങ്ങളുടെ ജീവിതം മെച്ചപ്പെട്ടോ? എന്തു മാറ്റമാണ് നിങ്ങളുടെ ജീവിതത്തിലുണ്ടായത്? കഴിഞ്ഞ കുറച്ചുവർഷങ്ങളിലേക്ക് തിരിഞ്ഞുനോക്കുക. നിങ്ങളുടെ ജീവിതം വിലയിരുത്തി വോട്ടുചെയ്യുക -പ്രിയങ്ക ഗാന്ധി പറഞ്ഞു.

ഹിമാചൽ പ്രദേശിൽ പ്രിയങ്ക ഗാന്ധി നയിച്ച വനിത റാലികളിൽ വൻപങ്കാളിത്തമുണ്ടാവുകയും അത് തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ തുണക്കുകയും ചെയ്തിരുന്നു. കർണാടക തെരഞ്ഞെടുപ്പ് പ്രചാരണത്തിലും പ്രിയങ്ക ഗാന്ധി വനിത റാലികൾ നയിക്കുമെന്നതിന്റെ സൂചനയാണ് ബംഗളൂരുവിൽ നടന്ന ‘നാ നായകി സമാവേശ’ റാലി. 

Tags:    
News Summary - Congress with welfare scheme in Karnataka; 2,000 per month for housewives

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.