ബംഗളൂരു: കോൺഗ്രസിന്‍റെ അഴിമതി ഭരണമാണ് ബി.ജെ.പിയുമായുള്ള സഖ്യത്തിലേക്ക് നയിച്ചതെന്ന് ജെ.ഡി.എസ് നേതാവ് എച്ച്.ഡി കുമാരസ്വാമി. സഖ്യം ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി മാത്രമാണ്. സംസ്ഥാനത്തെ വിവിധ പ്രശ്നങ്ങൾക്ക് സുസ്ഥിരമായ പരിഹാരം കണ്ടെത്തേണ്ടത് അനിവാര്യമാണെന്നും ഇതിനായാണ് ബി.ജെ.പിയുമായി കൈകോർത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡെക്കാൻ ഹെറാൾഡിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ 28 ലോക്സഭ സീറ്റുകളിലും വിജയിക്കുകയാണ് സഖ്യത്തിന്‍റെ ലക്ഷ്യം. ഇരു പാർട്ടികളും ഒറ്റകക്ഷിയായി സർക്കാരിനെതിരെ പോരാടും. നിലവിലെ സംസ്ഥാനത്തെ ഭരണനിർവഹണം പരിശോധിച്ചാൽ സഖ്യം രൂപപ്പെട്ടില്ലെങ്കിലും കോൺഗ്രസ് തെരഞ്ഞെടുപ്പിൽ നിലംതൊടുമെന്നത് തീർച്ചയാണെന്നും കുമാരസ്വാമി പറഞ്ഞു.
നിയമസഭയിലെ പ്രതിപക്ഷ നേതാവാകുമോയെന്ന ചോദ്യത്തിന് താൻ സ്ഥാനമാനങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും ലക്ഷ്യം കോൺഗ്രസിനെതിരെ പോരാടുക മാത്രമാണെന്നുമായിരുന്നു കുമാരസ്വാമിയുടെ പ്രതികരണം. താനും ബി.ജെ.പിയുമായി അഭിപ്രായ വ്യത്യാസങ്ങളില്ലെന്നും അത്തരം വിഷയങ്ങൾ ഇനിയുണ്ടാകാൻ സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.