ന്യൂഡൽഹി: കർഷക സമരങ്ങളിൽ നിരന്തരം ബി.ജെ.പി സർക്കാറുമായി കൊമ്പുകോർക്കുന്ന വരുൺ ഗാന്ധി എം.പിയുടെ ലക്ഷ്യം കോൺഗ്രസിലേക്കുള്ള പ്രവേശനമാണോ അതോ പാർട്ടിയിൽ കൂടുതൽ സ്ഥാനമാനങ്ങൾ ലഭിക്കലാണോ എന്ന സംശയത്തിലാണ് രഷ്ട്രീയ നിരീക്ഷകർ. കഴിഞ്ഞതവണ യു.പി മുഖ്യമന്ത്രി സ്ഥാനത്തേക്ക് ചരടുവലിച്ച വരുണിന് അതിന് സാധിച്ചിരുന്നില്ല. മാത്രമല്ല, രണ്ടാം മോദി സർക്കാർ മന്ത്രിസഭയിലും വരുണിനോ മാതാവ് മനേകാ ഗാന്ധിക്കോ ഇടമുണ്ടായിരുന്നില്ല. അടുത്തവർഷം ഉത്തർപ്രദേശിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കേന്ദ്ര-സംസ്ഥാന സർക്കാറുകളെ വേട്ടയാടി വരുൺ ഗാന്ധി നിരന്തരം ആക്ഷേപങ്ങൾ ഉന്നയിക്കുന്നത്.
ഉത്തർപ്രദേശിലെ ലഖിംപുർ ഖേരി സംഭവത്തിൽ പ്രതികരിച്ച വരുൺ ഗാന്ധിയേയും മനേകാ ഗാന്ധിയേയും ബി.ജെ.പി നിർവാഹക സമിതിയിൽനിന്ന് ഒഴിവാക്കിയിരുന്നു. ബി.ജെ.പി നേതാക്കൾ പ്രതികളായ ലഖിംപുർ ഖേരി സംഭവത്തെ ബി.ജെ.പി എം.പിയായ വരുൺ ഗാന്ധി രൂക്ഷമായ ഭാഷയിലായിരുന്നു വിമർശിച്ചത്.
ഇതിന് ശേഷവും നിരവധി തവണ കർഷക വിഷയത്തിൽ ഇടപെട്ട വരുൺ ഗാന്ധി സർക്കാറുകൾക്കെതിരെ ആഞ്ഞടിച്ചു. സർക്കാറിന് കീഴിലെ സംഭരണ കേന്ദ്രങ്ങൾ അഴിമതിയിൽ മുങ്ങിയിരിക്കുകയാണെന്നും വിളകൾ ഇടനിലക്കാർക്ക് വിൽക്കാൻ നിർബന്ധിതരാവുകയാണെന്നുമാണ് കഴിഞ്ഞദിവസം വരുൺ ഗാന്ധി ആരോപിച്ചത്.
താങ്ങുവിലക്ക് നിയമപരമായ പരിരക്ഷ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യം കേന്ദ്ര സർക്കാറിന്‍റെ കാർഷിക നിയമ ഭേദഗതിക്കെതിരെ സമരം ചെയ്യുന്ന കർഷകരുടെ പ്രധാന ആവശ്യങ്ങളിലൊന്നാണ്. ഇത് നടപ്പാക്കാത്തിടത്തോളം കർഷകരെ മണ്ഡികളിൽ ചൂഷണം ചെയ്യുന്നത് തുടരും. വിഷയത്തിൽ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബറേലിയിലെ മാർക്കറ്റിൽ സർക്കാർ ഉദ്യോഗസ്ഥനോട് സംസാരിക്കുന്ന വീഡിയോയും വരുൺ ഗാന്ധി പോസ്റ്റ് ചെയ്തു. കർഷകർ അഭിമുഖീകരിക്കുന്ന ബുദ്ധിമുട്ടുകൾ സംസ്ഥാന സർക്കാറിന് വലിയ നാണക്കേടാണെന്ന് വിഡിയോയിൽ പറയുന്നത് കേൾക്കാം. കർഷകരെ തങ്ങളുടെ വിളകൾ നിശ്ചയിച്ചതിലും കുറഞ്ഞ വിലക്ക് വിൽക്കാൻ നിർബന്ധിക്കുന്ന ഉദ്യോഗസ്ഥരും ഇടനിലക്കാരും തമ്മിലെ അവിശുദ്ധ ബന്ധം രാജ്യത്തുടനീളം ദൃശ്യമാണെന്നും അദ്ദേഹം ആരോപിക്കുന്നു.
ആരെങ്കിലും കർഷകരോട് മോശമായി പെരുമാറിയാൽ കോടതിയെ സമീപിച്ച് അത്തരം ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാൻ നടപടി സ്വീകരിക്കും. ഉയർന്ന ഉൽപ്പാദനച്ചെലവും രാസവളങ്ങളുടെ അഭാവവും പ്രതികൂല കാലാവസ്ഥയും കാരണം കർഷകർ കഷ്ടത അനുഭവിക്കുകയാണ്. അതിനിടയിലാണ് സർക്കാർ സംവിധനങ്ങൾ ഇവരെ ദ്രോഹിക്കുന്നത്. ഇത് വരും തലമുറയെ കൃഷിയിൽനിന്ന് അകറ്റാനും ദേശീയ സുരക്ഷക്കും ഭീഷണിയാകുമെന്നും വരുൺ ഗാന്ധി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.