Gujarat Muslim MLA, Imran Khedawala

'പ്രത്യേക സമുദായത്തിൽ പെട്ട എം.എൽ.എ'; ബി.ജെ.പി അംഗങ്ങൾ പരസ്യമായി അപമാനിക്കുന്നതായി ഗുജറാത്തിലെ മുസ്‍ലിം എം.എൽ.എ, പാടില്ലെന്ന് സ്പീക്കർ

അഹ്മദാബാദ്: ഭരണകക്ഷിയായ ബി.ജെ.പി അംഗങ്ങൾ അപമാനിച്ചതായി ആരോപിച്ച് സ്പീക്കറുടെ അടുത്ത് സംരക്ഷണം തേടി ഗുജറാത്ത് നിയമസഭയിലെ ഏക മുസ്‍ലിം അംഗമായ  ഇംറാൻ ഖേദവാല. ബി.ജെ.പി എം.എൽ.എമാർ പ്രത്യേക സമുദായത്തിൽ നിന്നുള്ള വ്യക്തിയാണെന്ന് പരാമർശിച്ച് അപമാനിച്ചുവെന്നാണ് ഖേഡവാലയുടെ പരാതി. തുടർന്ന് വ്യക്തിപരമായ പരാമർശങ്ങൾ നടത്തുന്നതിൽ നിന്ന് അംഗങ്ങൾ വിട്ടുനിൽക്കണമെന്ന് സ്പീക്കർ ശങ്കർ ചൗധരി നിർദേശം നൽകി.

ചോദ്യോത്തര വേളയിലായിരുന്നു എം.എൽ.എ പരാതി ഉന്നയിച്ചത്. അതോടൊപ്പം അഹ്മദാബാദിലെ വിശാല സർക്കിളിനും സർഖേജ് സർഖേജ് ക്രോസ്‌റോഡുകൾക്കും ഇടയിലുള്ള നിർദിഷ്ട മേൽപ്പാലവുമായി ബന്ധപ്പെട്ട വിശദാംശങ്ങളും ആവശ്യപ്പെടുകയുണ്ടായി.

നഗരത്തിലെ ന്യൂനപക്ഷങ്ങൾ കൂടുതലുള്ള ജുഹാപുര, സർഖേജ് പ്രദേശങ്ങളിലൂടെയാണ് റോഡ് കടന്നുപോകുന്നത്.1,295.39 കോടി രൂപ ചെലവിൽ കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം മേൽപാലത്തിന് അംഗീകാരം നൽകിയിട്ടുണ്ടെന്നും ആവശ്യമായ അനുമതികൾ ലഭിച്ച ശേഷം 2027ഓടെ ഇതിന്റെ പണി പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായും സർക്കാർ മറുപടി നൽകി. പാലത്തിന്റെ പണി എപ്പോൾ തുടങ്ങുമെന്നും എപ്പോൾ പൂർത്തീകരിക്കുമെന്നും ഖേദവാല തന്റെ അനുബന്ധ ചോദ്യത്തിൽ ചോദിച്ചു.

റോഡിലെ കൈയേറ്റങ്ങളുടെ എണ്ണം ഉൾപ്പെടെ നിരവധി ഘടകങ്ങളെ ആശ്രയിച്ചാണ് പ്രവൃത്തി ആരംഭിക്കുന്നതും പൂർത്തീകരിക്കുന്നതും എന്ന് മറുപടിയായി സഹമന്ത്രി ജഗദീഷ് വിശ്വകർമ പറഞ്ഞു.

മറുപടി നൽകവെ ഒരു പ്രത്യേക സമുദായത്തെ കുറിച്ച് സഹമന്ത്രി ആവർത്തിച്ചു. ആ പ്രത്യേക സമുദായത്തിന്റെ കൈയേറ്റങ്ങളാണ് പദ്ധതി വൈകാൻ കാരണമെന്നും പറഞ്ഞു. തുടർന്ന് നിങ്ങളുടെ സമുദായം കൈയേറ്റം നടത്താതിരിക്കൽ പ്രത്യേക സമുദായത്തിന്റെ എം.എൽ.എ എന്ന നിലയിൽ നിങ്ങളുടെ കടമയാണെന്നും ചൂണ്ടിക്കാണിക്കുകയുണ്ടായി. തുടർന്നാണ് തന്റെ പ്രത്യേക സമുദായത്തിന്റെ പ്രതിനിധിയെന്ന് വിശേഷിപ്പിച്ചതിൽ ഖേദവാല പ്രതിഷേധം അറിയിച്ചത്. മറുപടിക്കിടെ പലതവണ പ്രത്യേക സമുദായക്കാരെ കുറിച്ച് പറഞ്ഞതിനെയും അദ്ദേഹം വിമർശിച്ചു. തുടർന്നാണ് സ്പീക്കർ ഇടപെട്ടത്. എല്ലാമന്ത്രിമാരും എം.എൽ.എമാരും പരസ്പരം ബഹുമാനം കാത്തുസൂക്ഷിക്കണമെന്നും അത് നിയമസഭ അംഗങ്ങളുടെ കടമയാണെന്നും സ്പീക്കർ ഉപദേശിച്ചു. സ്പീക്കർ എന്ന നിലയിൽ ഓരോ അംഗത്തിനും സംരക്ഷണം നൽകേണ്ടത് തന്റെ കടമയാണെന്നും ഓർമിപ്പിച്ചു.

കോൺഗ്രസ് എം.എൽ.എ ശൈലേഷ് പർമറും ചർച്ചയിൽ പങ്കാളിയായി. ആ റോഡിൽ ഇത്രയധികം കൈയേറ്റങ്ങൾ ഉണ്ടെന്ന് സർക്കാർ പറയുന്നുണ്ടെങ്കിൽ അവ നീക്കം ചെയ്യേണ്ടത് ഭരണകക്ഷിയുടെ ഉത്തരവാദിത്തമാണെന്നും പറഞ്ഞു.

Tags:    
News Summary - Gujarat’s lone Muslim MLA flags insulting’ references to his religion in Assembly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.