മുംബൈ: വളർത്തുനായകൾ കടിച്ചുപറിച്ച മൂക്ക് പൂർവസ്ഥിതിയിലെത്തിക്കുന്നതിനായി 37കാരി ശസ്ത്രക്രിയക്ക് വിധേയയായി. മുംബൈയിൽ രണ്ടുദിവസം മുമ്പാണ് സംഭവം. ഗവേഷകയും സെക്ടർ എ യിലെ ജൽവായു വിഹാറിലെ അന്തേവാസിയുമായ റിച്ച സാൻചിത് കൗഷിക് അറോറയെ ആണ് ശനിയാഴ്ച വളർത്തുനായകൾ ആക്രമിച്ചത്. ഫ്ലാറ്റിന്റെ നിർമാണം വിലയിരുത്താനായി പോകുന്ന വഴിക്കാണ് റിച്ചയെ ഡോബർമാനും പിറ്റ്ബുള്ളും പിന്തുടർന്ന് ആക്രമിച്ചത്.
റിച്ച അവരുടെ കെട്ടിടത്തിൽ നിന്ന് ഇറങ്ങിയപ്പോഴാണ് ദിവേഷ് വിർക്ക് എന്നയാളുടെ രണ്ട് നായകളും വിർക്കിന്റെ ഡ്രൈവർ അതുൽ സാവന്ത്, വീട്ടുജോലിക്കാരി സ്വാതി എന്നിവരോടൊപ്പം വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയത്. സ്വാതിയുടെ കൈയിലുണ്ടായിരുന്ന തവിട്ടു നിറത്തിലുള്ള നായ പെട്ടെന്ന് റിച്ചയെ ആക്രമിച്ചു. സാവന്തിന്റെ കൈയിലുണ്ടായിരുന്ന മറ്റൊരു നായയും റിച്ചയുടെ നേർക്ക് പാഞ്ഞടുത്തു. അവരിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കവെ നിലത്തേക്ക് വീണ റിച്ചയുടെ മൂക്കിലും വലതു കാലിന്റെ തുടയിലും നായകളിലൊന്ന് കടിച്ചു.
റിച്ചയുടെ ഭർതൃപിതാവും മറ്റൊരാളും ചേർന്നാണ് അവരെ ആശുപത്രിയിലെത്തിച്ചത്. വിവരം ഭർത്താവിനെ അറിയിക്കുകയും ചെയ്തു. നേവിയിൽ നിന്ന് വിരമിച്ച ശേഷം സ്വകാര്യ പൈലറ്റായി ജോലി ചെയ്യുകയാണ് റിച്ചയുടെ ഭർത്താവ് സാഞ്ജിത് കൗശിക്. നായകളുടെ ഉടമക്കെതിരെ നടപടി ആവശ്യപ്പെട്ട് ഇദ്ദേഹം പരാതി നൽകിയിട്ടുണ്ട്. പരാതി പ്രകാരം നായയുടെ ഉടമയായ വിർക്, അയാളുടെ ഡ്രൈവർ അതുൽ സാവന്ത്, വീട്ടുജോലിക്കാരി സ്വാതി എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.