ന്യൂഡൽഹി: നവരാത്രിയോടനുബന്ധിച്ച് ഡൽഹിയിലുടനീളമുള്ള ഇറച്ചിക്കടകൾ അടച്ചിടണമെന്ന് ബി.ജെ.പി എം.എൽ.എ നീരജ് ബസൂയ. നവരാത്രി ദിനത്തിൽ ഇറച്ചി വിൽക്കുന്നത് ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തുമെന്നും ബി.ജെ.പി എം.എ.എ വാദിച്ചു.
''നവരാത്രിക്കാലത്ത് ക്ഷേത്രങ്ങൾക്കു മുന്നിൽ പോലും കടകളുണ്ടാകും. അത് ഹിന്ദുക്കളുടെ ആഘോഷമാണ്. ഇറച്ചിക്കടകൾ കാണുമ്പോൾ ഞങ്ങളുടെ മതവികാരം വ്രണപ്പെടും. ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടാൻ പാടില്ല. ഈദ് ദിനത്തിൽ മറ്റ് ആഹാരങ്ങൾ കിട്ടുമെന്നതിനാൽ ആടുകളെ കശാപ്പ് ചെയ്യേണ്ട ആവശ്യമില്ല''-എം.എൽ.എ പറഞ്ഞു.
ഇറച്ചിക്കടകൾ അടച്ചിടാനുള്ള നടപടികളുണ്ടാകുന്നില്ലെങ്കിൽ തന്റെ മണ്ഡലമായ പ്രതാപ്ഗഞ്ചിൽ ഇറച്ചി വിൽക്കുന്നത് തടയാനായി എല്ലാവഴിയും സ്വീകരിക്കുമെന്നും എം.എൽ.എ ഭീഷണി മുഴക്കി.
മറ്റൊരു ബി.ജെ.പി എം.എൽ.എയായ നീരജ് ബസൂയയും സമാന ആവശ്യവുമായി രംഗത്തുവന്നിട്ടുണ്ട്. നവരാത്രിയിൽ ഇറച്ചിക്കടകൾ തുറക്കരുതെന്നാണ് നീരജിന്റെ ആവശ്യം. നവരാത്രിക്കാലത്ത് മാത്രമല്ല, ഒരുസമയത്തും ജനവാസ മേഖലയിൽ ഇറച്ചിക്കടകൾ തുറക്കരുത്. ഇറച്ചിവിൽപനയുടെ മറവിൽ ഗുണ്ടായിസം കാണിക്കുകയാണ് കച്ചവടക്കാർ. അതിനാൽ കടകൾ അടച്ചിടാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്നും ബി.ജെ.പി എം.എൽ.എ പറഞ്ഞു. സമീപകാലത്ത് ഒരുപാട് ഇറച്ചിക്കടകളാണ് തുറന്നത്. അതിന് ഒത്താശ ചെയ്തത് ആംആദ്മി സർക്കാറാണെന്നും ബി.ജെ.പി എം.എൽ.എ ആരോപിച്ചു.
ഇറച്ചിക്കടകൾ അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ഡൽഹി മുഖ്യമന്ത്രി, മുനിസിപ്പൽ കോർപറേഷൻ കമീഷണർ, പൊലീസ് കമീഷണർ എന്നിവർക്ക് കത്തയച്ചിരിക്കുകയാണ് ബി.ജെ.പി എം.എൽ.എ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.