ബി.ജെ.പി നേതാവിന്റെ വിവാദ പരാമർശം: ജില്ല കലക്ടറുടെ ഓഫിസിന് മുമ്പിൽ ബാങ്ക് വിളിച്ച് പ്രതിഷേധം

ശിവമൊഗ്ഗ: ബാങ്ക് വിളിക്കെതിരായ ബി.ജെ.പി നേതാവ് കെ.എസ്. ഈശ്വരപ്പയുടെ പ്രസംഗത്തിൽ പ്രതിഷേധിച്ച് ജില്ല കലക്ടറുടെ ഓഫിസിന് മുമ്പിൽ ബാങ്ക് വിളിച്ച് മുസ്‍ലിം യുവാക്കളുടെ പ്രതിഷേധം. കർണാടകയിലെ ശിവമൊഗ്ഗയിലാണ് സംഭവം. ഈശ്വരപ്പക്കെതിരെ മു​ദ്രാവാക്യം വിളിച്ച പ്രതിഷേധക്കാർ, വേണ്ടി വന്നാൽ കർണാടക നിയമസഭയും സെക്രട്ടേറിയറ്റും സ്ഥിതിചെയ്യുന്ന വിധാൻ സൗധക്ക് മുമ്പിലും ഇതേ രീതിയിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്നും മുന്നറിയിപ്പ് നൽകി.

‘ഞങ്ങളുടെ മാതാപിതാക്കൾക്കെതിരെയാണ് അയാൾ പറഞ്ഞതെങ്കിൽ ഞങ്ങൾ അത് വിട്ടുകളയും. എന്നാൽ, അല്ലാഹുവിനും ബാങ്ക് വിളിക്കുമെതിരെയാണ് അയാൾ പറഞ്ഞത്. വേണ്ടി വന്നാൽ വിധാൻ സൗധക്ക് മുമ്പിലും പ്രതിഷേധം സംഘടിപ്പിക്കും. ഞങ്ങൾ ഭീരുക്കളല്ല. എല്ലാ മുസ്‍ലിംകളും ഒന്നിക്കേണ്ടിയിരിക്കുന്നു’, പ്രതിഷേധക്കാരിലൊരാൾ പറഞ്ഞു.

സംഭവത്തിൽ ശിവമൊഗ്ഗ പൊലീസ് കേസെടുത്തു. ഇത്തരം പ്രതിഷേധങ്ങൾ ആവർത്തിക്കരുതെന്ന് പറഞ്ഞ് യുവാക്കളോട് പിരിഞ്ഞുപോകാൻ പറഞ്ഞതായി പൊലീസ് സൂപ്രണ്ട് പറഞ്ഞു. ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും പ്രതിഷേധക്കാരുടെ ജീവിത പശ്ചാത്തലം അറിയാൻ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പറഞ്ഞ അദ്ദേഹം, സംശയകരമായ എന്തെങ്കിലും കണ്ടെത്തിയാൽ നടപടിയെടുക്കുമെന്നും അറിയിച്ചു.

ബാങ്കിനെതിരായ ബി.ജെ.പി നേതാവിന്റെ പരാമർശത്തിൽ ജെ.ഡി.എസ് നേതാവ് എച്ച്.ഡി കുമാരസ്വാമി രംഗത്തുവന്നു. 'ഇതൊക്കെ വൈകാരിക വിഷയങ്ങളാണ്. ഇപ്പോഴുണ്ടായ സംഭവങ്ങൾക്ക് കാരണം ബി.ജെ.പിയാണ്. ഈശ്വരപ്പയും ബി.ജെ.പി നേതാക്കളും പരിധി വിടരുത്. നമ്മുടെ രാജ്യം സമാധാനപരമായി മുന്നോട്ടുപോവണം. ഐക്യം തകർക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കണം'- കുമാരസ്വാമി പറഞ്ഞു.

മുൻ മന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ കെ.എസ്. ഈശ്വരപ്പ ഒരു പൊതുയോഗത്തിലാണ് വിവാദ പരാമർശം നടത്തിയത്. പൊതുയോഗത്തിനിടെ സമീപത്തെ പള്ളിയിൽനിന്ന് ബാങ്ക് വിളി ഉയർന്നതോടെയായിരുന്നു പരാമർശം. ‘ഞാനെവിടെ പോകുമ്പോഴും ഈ ബാങ്കുവിളി എനിക്ക് തലവേദനയുണ്ടാക്കും. ഈ വിഷയത്തിൽ സുപ്രീംകോടതി വിധി കാത്തിരിക്കുകയാണ്. അല്ലെങ്കിൽ ഇന്ന് തന്നെ ഇതിന് അവസാനമായേനെ’, എന്നിങ്ങനെയായിരുന്നു ഈശ്വരപ്പയുടെ പ്രതികരണം.

‘ഉച്ചഭാഷിണികൾ ഉണ്ടെങ്കിൽ മാത്രമേ അല്ലാഹുവിന് പ്രാർഥനകൾ കേൾക്കാൻ സാധിക്കൂവെന്നുണ്ടോ? ക്ഷേത്രങ്ങളിൽ പെൺകുട്ടികളും സ്ത്രീകളും പ്രാർഥനകളും ഭജനകളും നടത്താറുണ്ട്. ഞങ്ങൾ മതവിശ്വാസികളാണ്. എന്നാൽ ഞങ്ങൾ ഉച്ചഭാഷിണികൾ ഉപയോഗിക്കാറില്ല. പ്രാർഥനക്ക് ഉച്ചഭാഷിണികൾ വേണ്ടി വരുന്നുവെങ്കിൽ, അല്ലാഹു ബധിരനാണെന്നാണർഥം’ - അദ്ദേഹം കൂട്ടി​ച്ചേർത്തു.

Tags:    
News Summary - Controversial remark of BJP leader: Protest in front of district collector's office

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.