സംസ്ഥാന സിവിൽ സർവീസ് ഉറുദുവിൽ; പ്രതിഷേധവുമായി ബി.ജെ.പി

തെലങ്കാന സംസ്ഥാന സിവിൽ സർവീസ് പരീക്ഷയിൽ ഗ്രൂപ്പ് ഒന്ന് ഉറുദു ഭാഷയിൽ എഴുതാൻ ഉദ്യോഗാർത്ഥികൾക്ക് ഓപ്ഷൻ നൽകിയതിനെതിരെ ബി.ജെ.പി രംഗത്ത്. ഉറുദു ഉൾപ്പെടുത്തിയത് തെലങ്കാനയിലെ മുസ്‍ലിംകൾക്ക് അനുകൂലമാണെന്ന് ഭാരതീയ ജനതാ പാർട്ടിയുടെ (ബി.ജെ.പി) തെലങ്കാന അധ്യക്ഷൻ ബന്ദി സഞ്ജയ്, നിസാമാബാദ് എം. പി അരവിന്ദ് കുമാർ എന്നിവർ ആരോപണം ഉന്നയിച്ചു.

തെലങ്കാന സ്റ്റേറ്റ് പബ്ലിക് സർവീസ് കമ്മീഷൻ അടുത്തിടെയാണ് ജോലി വിജ്ഞാപനം പുറപ്പെടുവിച്ചത്. അതിൽ ഗ്രൂപ്പ് -1 സേവനങ്ങൾക്ക് കീഴിലുള്ള ഒഴിവുകളും ഉൾപ്പെടുന്നു. ഭരണത്തിൽ നിർണായക പങ്ക് വഹിക്കുന്ന ഡെപ്യൂട്ടി കലക്ടർ, റവന്യൂ ഡിവിഷനൽ ഓഫീസർ (ആർ.ഡി.ഒ) തുടങ്ങിയ തസ്തികകളും ഈ വിഭാഗത്തിൽ വരും.

പുതിയ സോണൽ സമ്പ്രദായമനുസരിച്ച് കാറ്റഗറി തിരിച്ചുള്ള സംവരണങ്ങളോടെ ഏകദേശം 503 തസ്തികകളിലേക്കാണ് വിജ്ഞാപനം. തങ്ങളുടെ വിദ്യാഭ്യാസത്തിൽ ഉറുദു വിദ്യാഭ്യാസ മാധ്യമമാക്കിയ ഉദ്യോഗാർത്ഥികളുടെ സാന്നിധ്യം അംഗീകരിച്ചുകൊണ്ട്, ഉദ്യോഗാർത്ഥികൾക്ക് തെലുങ്കിനും ഇംഗ്ലീഷിനും പുറമെ ഉറുദു ഭാഷയിലും പരീക്ഷ എഴുതാമെന്ന് കമ്മീഷൻ അറിയിച്ചിട്ടുണ്ട്. ഇതിനെതിരെയാണ് പ്രതിഷേധം.

'ഇപ്പോൾ പരീക്ഷകൾ ഉറുദുവിൽ എഴുതാൻ അനുവദിച്ചിരിക്കുന്നു. എന്നാൽ ആരാണ് ഉറുദുവിൽ എഴുതുക? ആരാണ് ഉറുദു പഠിക്കുന്നത്? പരീക്ഷ ഉറുദുവിൽ എഴുതിയാൽ ആരാണ് പരിശോധിക്കാൻ പോകുന്നത്? സഹോദരന്മാരേ, ചിന്തിക്കൂ. ഒരിക്കൽ, നാളെ ഗ്രൂപ്പ്-1 വിജ്ഞാപനത്തിൽ ഉറുദു ചോയ്‌സ് ഉൾപ്പെടുത്തിയാൽ ഒരു വിഭാഗത്തിന് മാത്രമേ എല്ലാ വലിയ തസ്തികകളും ജോലികളും ലഭിക്കുകയുള്ളൂ -ബന്ദി സഞ്ജയ് പറഞ്ഞു. ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയും തെലങ്കാനയു​ടെ തീരുമാനത്തിനെതിരെ രംഗത്തെത്തിയിരുന്നു. 

Tags:    
News Summary - Controversy over Urdu option for exam part of BJP’s communal agenda, say critics

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.