ന്യൂഡൽഹി: ഡൽഹിയിൽ 23 കാരിയെ ആൺസുഹൃത്ത് കൊന്ന് ഫ്രിഡ്ജിൽ സൂക്ഷിച്ച സംഭവത്തിൽ, യുവാവിന്റെ ബന്ധുക്കൾ കൊലപാതകത്തിന് നേരത്തെ പദ്ധതിയിട്ടിരുന്നെന്ന് പൊലീസ്. സഹിൽ ഗെഹ്ലോട്ട് എന്ന യുവാവാണ് നിക്കി യാദവിനെ കൊന്ന് ഫ്രിഡ്ജിൽ സൂക്ഷിച്ചത്. കൊലപാതകം സഹിലിന്റെ വീട്ടുകാരുടെ അറിവോടെയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഫെബ്രുവരി 10നാണ് കൊലപാതകം നടന്നത്. എന്നാൽ സാഹിലിന്റെ കുടുംബം ഫെബ്രുവരി ആദ്യ ആഴ്ച തന്നെ നിക്കിയെ വകവരുത്താൻ പദ്ധതിയിട്ടിരുന്നുവെന്നാണ് പൊലീസ് നൽകുന്ന വിവരം.
പ്രതികളായ കുടുംബാംഗങ്ങളിലൊരാൾ ഡൽഹി പൊലീസ് കോൺസ്റ്റബിളാണ്. ഇയാളാണ് ഗൂഢാലോചനയിൽ സജീവ പങ്ക് വഹിച്ചത്.
നേരത്തെ കരുതിയതുപോലെ നിക്കിയുമായുണ്ടായ വഴക്കിനിടെ പെട്ടെന്നുണ്ടായ ദേഷ്യത്തിൽ ഗെഹ്ലോട്ട് നടത്തിയ കൊലപാതകമല്ല ഇതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. യുവതിയുടെ മൃതദേഹം കുടുംബ റസ്റ്ററൻറിന്റെ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതിന് മുമ്പ് കുടുംബത്തിലെ നാല് അംഗങ്ങളെങ്കിലും പ്രതിയെ കണ്ട് സംസാരിച്ചിട്ടുണ്ട്.
2021ൽ നിക്കി യാദവും സഹിൽ ഗെഹ്ലോട്ടും രഹസ്യ വിവാഹം ചെയ്തുവെന്ന വിവരം അറിഞ്ഞ ഫെബ്രുവരി ആദ്യ ദിവസം മുതൽ തന്നെ നിക്കിയെ കൊല്ലാൻ കുടുംബം പദ്ധതി തയാറാക്കിയിരുന്നു. നിക്കിയെ കൊന്നാൽ മാത്രമേ കുടുംബം തീരുമാനിച്ച വിവാഹം നടത്താനാകൂവെന്നതായിരുന്നു കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രതികൾ പൊലീസിന് നൽകിയ മൊഴി.
ഫെബ്രുവരി 10ന് ഡൽഹി നിഗംബോധ്ഗട്ടിലെ പാർക്കിങ് ലോട്ടിൽ കാറിൽ വെച്ച് നിക്കിയുമായി വഴക്കുണ്ടാവുകയും സഹിൽ ചാർജിങ് കേബിൾ കഴുത്തിൽ മുറുക്കി കൊല്ലുകയുമായിരുന്നു. അതിനു ശേഷം 40 കിലോമീറ്റർ വണ്ടി ഓടിച്ച് കുടുംബ റസ്റ്ററന്റിന് സമീപം ട്രങ്കിൽ മൃതദേഹം ഉപേക്ഷിച്ച് പോയി കുടുംബം നിശ്ചയിച്ച യുവതിയെ വൈകീട്ട് വിവാഹം ചെയ്തു. രാത്രി തിരിച്ചെത്തി മൃതദേഹം ഫ്രിഡ്ജിലേക്ക് മാറ്റുകയായിരുന്നു.
സംഭവത്തിൽ സഹിൽ ഗെഹ്ലോട്ടിനെ കൂടാതെ, പിതാവ് വീരേന്ദ്ര സിങ്, ബന്ധുക്കളായ ആശിഷ് കുമാർ, നവീൻ കുമാർ, സുഹൃത്തുക്കളായ ലോകേഷ് സിങ്, അമർ സിങ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലപാതകത്തിന് ഗൂഢാലോചന നടത്തിയതിനും തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിനുമാണ് അറസ്റ്റ്. പ്രതികളിൽ സഹിലിന്റെ ബന്ധുവായ നവീൻ കുമാറാണ് ഡൽഹി പൊലീസ് കോൺസ്റ്റബിൾ.
കാറിൽ മൃതദേഹവുമായി റസ്റ്ററന്റിലേക്ക് വരുന്നതിനിടെ പ്രതികളായ സുഹൃത്തുക്കളും ബന്ധുക്കളും സഹിലിനെ കണ്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇവരാണ് മൃതദേഹം റസ്റ്ററന്റിലെ ഫ്രിഡ്ജിൽ സൂക്ഷിക്കാമെന്ന് അറിയിച്ചത്. കൊലപാതകത്തെ കുറിച്ച് ധാരണയിരിക്കെ, അവർ സഹലിന്റെ വിവാഹത്തിലും പങ്കുചേർന്നുവെന്നും പൊലീസ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.