ന്യൂഡൽഹി: മധ്യപ്രദേശിൽ പൊലീസുകാർ അഭിഭാഷകനെ മർദിച്ച സംഭവം പുതിയ വിവാദത്തിലേക്ക്. മർദിച്ചത് മുസ്ലിം ആണെന്ന് കരുതിയാണെന്ന പൊലീസിെൻറ ക്ഷമാപണം കടുത്ത ഇസ്ലാമോഫോബിയയുടെ ഉദാഹരണമാണെന്ന വിമർശനമുയർന്നു. അഭിഭാഷകൻ ദീപക് ബുന്ദേലെയെയാണ് ലോക്ഡൗണിനിടെ മാർച്ച് 23ന് മധ്യപ്രദേശിലെ ബെത്തൂൽ എന്ന സ്ഥലത്ത് തടഞ്ഞുവെച്ച് പൊലീസ് മർദിച്ചത്.
ആശുപത്രിയിൽ ചികിത്സ തേടാനുള്ള യാത്രക്കിടെയായിരുന്നു ഇത്. തുടർന്ന് പരാതി നൽകിയെങ്കിലും പിൻവലിക്കാൻ കടുത്ത സമ്മർദ്ദമുണ്ടായി. ഇതിന് വഴങ്ങാതായപ്പോൾ ആണ് ‘മുസ്ലിം ആണെന്ന് കരുതിയാണ് ആക്രമിച്ചതെന്ന’ തുറന്നുപറച്ചിലുമായി പൊലീസ് രംഗത്തെത്തിയത്.
കടുത്ത പ്രമേഹത്തിെൻറയും രക്തസമർദ്ദത്തിെൻറയും പിടിയിൽ ആയിരുന്നു ദീപക്. മരുന്നിനായി പോവുകയാണെന്ന് പറയുന്നത് കേൾക്കാതെ മർദിക്കുകയായിരുന്നുവത്രെ. ദീപക് താടിവെച്ചതാണ് മുസ്ലിം ആണെന്ന് തെറ്റിദ്ധരിക്കാൻ കാരണമായതെന്ന് പറയുന്നു.
മർദിച്ച പൊലീസുകാരനോട് ഭരണഘടനക്കകത്തുനിന്ന് പ്രവർത്തിക്കണമെന്ന് പറഞ്ഞപ്പോൾ അത് ചെവികൊള്ളാതെ ഇന്ത്യൻ ഭരണഘടനയെ അടക്കം മോശം വാക്കുകളിൽ ശകാരിച്ചു. രോഷാകുലരായി കുറേയധികം പൊലീസുകാർകൂടി വന്ന് വടി ഉപയോഗിച്ച് ആക്രമിക്കാൻ തുടങ്ങിയെന്നും ദീപക് പറയുന്നു.
താനൊരു അഭിഭാഷകനാണെന്ന് പറയുന്നതുവരെ ആക്രമണം തുടർന്നു. അപ്പോഴേക്കും ചെവിയിൽ നിന്നടക്കം രക്തമൊഴുകാൻ തുടങ്ങിയിരുന്നു. സുഹൃത്തിനെ വിളിച്ചുവരുത്തിയാണ് ആശുപത്രിയിലെത്തിയത്. മാർച്ച് 24ന് ജില്ല പൊലീസ് സൂപ്രണ്ട് ഡി.എസ് ഭദോരിയക്കും ഡി.ജി.പിക്കും പരാതി നൽകുകയായിരുന്നു.
സംസ്ഥാന മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമീഷനും ഹൈകോടതി ചീഫ് ജസ്റ്റിസിനും സംഭവം ചൂണ്ടിക്കാട്ടി കത്തെഴുതി. ആക്രമണത്തിെൻറ സി.സി.ടി.വി ദൃശ്യങ്ങൾ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് വിവരാവകാശ അപേക്ഷ സമർപിച്ചെങ്കിലും അത് നൽകാൻ കൂട്ടാക്കിയില്ല.
പരാതിയെ തുടർന്ന് പൊലീസ് ഉദ്യോഗസ്ഥർ വീട്ടിൽ വന്ന് മൊഴിയെടുത്തപ്പോഴാണ് ഏതാനും പൊലീസുകാർക്ക് സംഭവിച്ച തെറ്റാണെന്നും താങ്കൾ മുസ്ലിം ആണെന്ന് തെറ്റിദ്ധരിച്ചാണ് അവർ ആക്രമിച്ചതെന്നും വെളിപ്പെടുത്തിയതെന്ന് ദീപക് പറഞ്ഞു. മൊഴി രേഖപ്പെടുത്താൻ വന്നവർ അഞ്ച് മിനിട്ടിൽ കൂടുതൽ അതിനെടുത്തില്ല.
എന്നാൽ, പരാതി പിൻവലിപ്പിക്കുന്നതിനായി അവരുടെ ഭാഗം ബോധ്യപ്പെടുത്താൻ മൂന്നു മണിക്കൂറോളം ചെലവിട്ടതായും ദീപക് പറഞ്ഞു. കലാപ വേളകളിൽ സാധാരണ ഗതിയിൽ ഹിന്ദുക്കൾക്ക് തങ്ങൾ പിന്തുണ നൽകാറുണ്ടെന്ന് പൊലീസ് പറഞ്ഞതായും ‘ദ വയർ’ വാർത്താസൈറ്റിന് നൽകിയ ശബ്ദരേഖയിൽ ദീപക് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.