കോവിഡ്: മൃതദേഹം കൊണ്ടുപോയത് മണ്ണുമാന്തി യന്ത്രത്തിൽ; പ്രതിഷേധം

ഹൈദരാബാദ്: കോവിഡ് ജീവനെടുത്ത വയോധികന്‍റെ മൃതദേഹം ശ്മശാനത്തിലേക്ക് കൊണ്ടുപോയത് മണ്ണുമാന്തി യന്ത്രത്തിൽ. ഇതിന്‍റെ ദൃശ്യം പുറത്തായതോടെ സംസ്ഥാനത്ത് കടുത്ത പ്രതിഷേധമുയർന്നിരിക്കുകയാണ്. സംഭവത്തെ തുടർന്ന് രണ്ട് ഉദ്യോഗസ്ഥരെ സംസ്പെൻഡ് ചെയ്തു.

ശ്രീകാകുളം ജില്ലയിൽ ഉദയംപുരം പലാസ മുനിസിപ്പാലിറ്റിയിലാണ് സംഭവം. കോവിഡ് ബാധിച്ച് മരിച്ച 72കാരന്‍റെ മൃതദേഹം പി.പി.ഇ കിറ്റണിഞ്ഞെത്തിയ മുനിസിപ്പാലിറ്റി അധികൃതർ മണ്ണുമാന്തി യന്ത്രത്തിൽ കൊണ്ടുപോകുകയായിരുന്നു.

ശാരീരിക അസ്വസ്ഥതയുണ്ടായിരുന്ന വയോധികൻ വ്യാഴാഴ്ചയാണ് മരിച്ചത്. ശുചീകരണ തൊഴിലാളിയായിരുന്ന ഇദ്ദേഹത്തിന്‍റെ കോവിഡ് പരിശോധന നടത്തിയിരുന്നു. വെള്ളിയാഴ്ചയാണ് കോവിഡ് സ്ഥിരീകരിച്ച് ഫലം വന്നത്. ഇതോടെ പരിഭ്രാന്തിയിലായ കുടുംബാംഗങ്ങൾ അധികൃതരെ അറിയിക്കുകയും മൃതദേഹം കൊണ്ടുപോകാൻ ആവശ്യപ്പെടുകയുമായിരുന്നു.

മുനിസിപ്പാലിറ്റി അധികൃതരുടെ നടപടിയിൽ ശക്തമായ പ്രതിഷേധമാണ് ഉയർന്നത്. ഇതോടെ ഉത്തരവാദികളായ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ മുഖ്യമന്ത്രി വൈ.എസ് ജഗൻ മോഹൻ റെഡ്ഡി തന്നെ നിർദേശം നൽകുകയായിരുന്നു. സംഭവത്തിൽ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.

ഇതേ ജില്ലയിൽ തന്നെ സോംപേട്ട ഡിവിഷനിൽ കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്കരിക്കാൻ ട്രാക്ടറിൽ കൊണ്ടുപോയതിന് പിന്നാലെയാണ് പുതിയ സംഭവം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.