ഡൽഹി: ആസ്ട്ര സെനിക്കയും ഒക്സ്ഫോർഡ് യൂനിവേഴ്സിറ്റിയും ചേർന്ന് വികസിപ്പിച്ച കോവിഡ് വാക്സിന്റെ വില വെളിപ്പെടുത്തി നിർമാതാക്കൾ. ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ നിർമാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് 'കോവിഷീൽഡ്' വാക്സിൻ നിർമിക്കുന്നത്. സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സി.ഇ.ഒ അദാർ പൂനവാലയാണ് വാക്സിന്റെ ഏകദേശ വില പുറത്തുവിട്ടത്. സർക്കാരിന് 219 മുതൽ 292 രൂപക്ക് വാക്സിൻ നൽകുമെന്ന് അദ്ദേഹം പറഞ്ഞു.
സ്വകാര്യ വിപണിയിൽ വാക്സിന് 438 മുതൽ 584 രൂപവരെ വിലവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനകം 50 ദശലക്ഷം ഡോസ് വാക്സിൻ നിർമിച്ചതായും സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ പറയുന്നു. കോവിഷീൽഡ് വാക്സിൻ ആദ്യം ഇന്ത്യൻ സർക്കാരിനും പിന്നീട് ജി.എ.വി.ഐ (വാക്സിനുകൾക്കും രോഗപ്രതിരോധത്തിനും വേണ്ടിയുള്ള ആഗോള കൂട്ടായ്മ) രാജ്യങ്ങൾക്കുമാകും നൽകുക. കംബോഡിയ, കാമറൂൺ, മധ്യ ആഫ്രിക്കൻ റിപ്പബ്ലിക്,ഛാഡ്, കൊറിയ തുടങ്ങിയ രാജ്യങ്ങളാണ് ജി.എ.വി.ഐ രാജ്യങ്ങൾ. ലോകത്തെ ദരിദ്ര രാജ്യങ്ങൾക്ക് വാക്സിനുകൾ നൽകുന്നതിന് ഉണ്ടാക്കിയിട്ടുള്ള കൂട്ടായ്മയാണ് ജി.എ.വി.ഐ.
ഇന്ത്യയെക്കൂടാതെ അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് സിറിയ, താജിക്കിസ്ഥാൻ, ടാൻസാനിയ, ടോഗോ, ഉഗാണ്ട, ഉസ്ബെക്കിസ്ഥാൻ, യെമൻ തുടങ്ങി 50ലധികം രാജ്യങ്ങൾ ഈ കൂട്ടായ്മയിലുണ്ട്. രാജ്യത്ത് അടിയന്തര ഉപയോഗത്തിന് കോവിഷീൽഡിനും ഭാരത് ബയോടെക്കിന്‍റെ കോവാക്സിനും ഇന്ത്യൻ ഡ്രഗ് റെഗുലേറ്റർ ഞായറാഴ്ച അനുമതി നൽകിയിരുന്നു. വാക്സിൻ താങ്ങാവുന്ന വിലക്ക് എല്ലാവർക്കും ലഭ്യമാക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ഇന്ത്യാ സർക്കാർ വലിയ അളവിൽ മരുന്ന് വാങ്ങുമെന്നാണ് കരുതുന്നതെന്നും അദാർ പൂനവാല പറഞ്ഞു.
ഒരു മാസത്തിൽ 100 ദശലക്ഷം (10 കോടി) വാക്സിൻ ഡോസുകൾ നിർമിക്കുമെന്നും ഏപ്രിലിൽ ഇത് ഇരട്ടിയാക്കുമെന്നാണ് വാക്സിൻ കമ്പനികൾ പറയുന്നത്. 2021 ജൂലൈയ്‌ക്ക് മുമ്പ് 300 ദശലക്ഷം ഡോസുകൾ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. വാക്സിൻ നൽകുന്നതിൽ മുൻനിര ആരോഗ്യ പ്രവർത്തകർക്കും പ്രായമായവർക്കും മുൻഗണന നൽകാനാണ് സർക്കാർ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.