ബംഗളൂരു: വീണ്ടുമൊരു അഴിമതിക്കേസിൽ കർണാടകയിലെ ബി.ജെ.പി എം.എൽ.എ ഒന്നാം പ്രതിയാകുമ്പോൾ വെളിപ്പെടുന്നത് ബസവരാജ് ബൊമ്മൈ സർക്കാറിന്റെ അഴിമതി മുഖം. മന്ത്രിമാർ കരാറുകളിൽ 40 ശതമാനം കമീഷൻ ആവശ്യപ്പെടുന്നെന്ന ഗുരുതര ആരോപണമുയർത്തി സർക്കാർ കരാറുകാരുടെ സംഘടന രംഗത്തുവന്നിരുന്നു. ബി.എസ്. യെദിയൂരപ്പക്കും കുടുംബത്തിനുമെതിരെ അഴിമതി ആരോപണമുന്നയിച്ചത് ബി.ജെ.പിയുടെ തന്നെ മുതിർന്ന നേതാവും എം.എൽ.എയുമായ ബസനഗൗഡ പാട്ടീൽ യത്നാലാണ്.
ബി.ജെ.പി സർക്കാറിനെ വെട്ടിലാക്കിയ ഗുരുതര ആരോപണങ്ങളായിരുന്നു യത്നാൽ ഉന്നയിച്ചത്. എന്നാൽ, യത്നാലിനെതിരെ നടപടിയെടുക്കുന്നതിനുപകരം ബി.ജെ.പി കേന്ദ്ര നേതൃത്വം വൈകാതെ യെദിയൂരപ്പയെ മുഖ്യമന്ത്രി കസേരയിൽനിന്നിറക്കി. പിന്നീട് ഈശ്വരപ്പക്കെതിരെ ആരോപണവുമായി രംഗത്തുവന്നത് ബി.ജെ.പി പ്രവർത്തകൻ കൂടിയായ കരാറുകാരനായിരുന്നു.
ഉഡുപ്പിയിലെ ഹോട്ടലിൽവെച്ച് ജീവനൊടുക്കിയ അദ്ദേഹത്തിന്റെ അവസാന ഫോൺ സന്ദേശത്തിലാണ് ബി.ജെ.പിയുടെ മുതിർന്ന നേതാവും ഗ്രാമീണ വികസന മന്ത്രിയുമായിരുന്ന കെ.എസ്. ഈശ്വരപ്പക്കെതിരെ ആരോപണമുയർന്നത്. വൻ തുക കൈക്കൂലി നൽകാത്തതിന്റെ പേരിൽ കരാർ പ്രവൃത്തികളുടെ പണം അനുവദിക്കുന്നില്ലെന്നായിരുന്നു ആരോപണം. പാർട്ടിയിൽ ഏറെ സ്വാധീനമുള്ള നേതാവായിട്ടും ഗത്യന്തരമില്ലാതെ മന്ത്രിസഭയിൽനിന്ന് രാജിവെക്കേണ്ട സാഹചര്യമുണ്ടായത് അഴിമതിയുടെ ആഴത്തിലേക്കാണ് സൂചന നൽകുന്നത്. പിന്നീടും പല മന്ത്രിമാർക്കും എം.എൽ.എമാർക്കുമെതിരെ അഴിമതി ആരോപണങ്ങളുയർന്നു. കോൺഗ്രസ് നേതാക്കളെത്തേടി ഇ.ഡി റെയ്ഡും ഐ.ടി റെയ്ഡും മുറപോലെ നടന്നെങ്കിലും ഒരു ബി.ജെ.പി നേതാവുപോലും അവരുടെ റഡാറിൽ വന്നില്ല.
ബി.ജെ.പി സർക്കാറിലെ അഴിമതി ചൂണ്ടിക്കാട്ടി പ്രതിപക്ഷമായ കോൺഗ്രസ് ‘പേ സി.എം’ കാമ്പയിനും ‘40 ശതമാനം കമീഷൻ സർക്കാർ’ കാമ്പയിനും നടത്തിയിരുന്നു. ബസവരാജ് ബൊമ്മൈ നയിക്കുന്ന ബി.ജെ.പി സർക്കാറിനുകീഴിൽ അരങ്ങേറുന്നത് കർണാടക കണ്ട ഏറ്റവും വലിയ അഴിമതിയാണെന്നാണ് ഉദ്യോഗസ്ഥ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.