ന്യൂഡൽഹി: വർഗീയതക്കും ജാതീയതക്കും അഴിമതിക്കും ഇന്ത്യയിൽ സ്ഥാനമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജി 20യിൽ ഇന്ത്യയുടെ അധ്യക്ഷപദ പ്രമേയമായ ‘വസുധൈവ കുടുംബകം’ കേവലമൊരു മുദ്രാവാക്യമല്ലെന്നും സാംസ്കാരിക മുല്യങ്ങളിൽ നിന്നുള്ള സമഗ്ര തത്ത്വമാണെന്നും പി.ടി.ഐക്ക് അനുവദിച്ച അഭിമുഖത്തിൽ മോദി പറഞ്ഞു.
ഏറെ കാലം 100 കോടി വിശക്കുന്ന വയറുകളുടെ രാജ്യമായിരുന്ന ഇന്ത്യ ഇപ്പോൾ 100 കോടി ചോദനയുള്ള മനസ്സുകളുടെയും 200 കോടി നൈപുണ്യമുള്ള കരങ്ങളുടേതുമാണ്. ലോക ചരിത്രത്തിൽ ഏറെ കാലം ഇന്ത്യ ഉന്നത സമ്പദ്ശക്തിയായിരുന്നു. വിവിധ കോളനിവത്കരണങ്ങൾ കൊണ്ടാണ് ആഗോളതലത്തിലെ നമ്മുടെ കാലടികൾ കുറഞ്ഞുപോയത്. എന്നാൽ, രാജ്യം വീണ്ടും ഉയർച്ചയിലാണ്. ലോകത്തെ പത്താമത്തെ സമ്പദ് ഘടനയിൽനിന്ന് അഞ്ചാം സ്ഥാനത്തേക്ക് ഇന്ത്യ വന്നു.
2014ന് മുമ്പുള്ള മൂന്നു പതിറ്റാണ്ട് സർക്കാറുകൾ അസ്ഥിരമായിരുന്നതിനാൽ അവക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. കഴിഞ്ഞ ഒമ്പതു വർഷത്തെ തന്റെ സർക്കാറിന്റെ രാഷ്ട്രീയ സ്ഥിരതയുടെ ഉപോൽപന്നമാണ് രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെന്നും 2047ൽ ഇന്ത്യ വികസിത രാജ്യമാകുമെന്നും മോദി അവകാശപ്പെട്ടു.
വ്യാജ വാർത്തകൾ കുഴപ്പങ്ങൾക്ക് കാരണമാകുമെന്നും വാർത്ത ഉറവിടങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെടുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു. വ്യാജ വാർത്തകൾ സാമൂഹിക അസ്വസ്ഥതകൾക്ക് ഇന്ധനമാകുമെന്നും ഇത് കുടുംബങ്ങൾക്കും രാജ്യത്തിനും ആശങ്കയുയർത്തുന്നതാണെന്നും പി.ടി.ഐ വാർത്ത ഏജൻസിക്ക് അനുവദിച്ച അഭിമുഖത്തിൽ പ്രധാനമന്ത്രി പറഞ്ഞു.
എന്നാൽ, പ്രധാനമന്ത്രിയുടെ പരാമർശത്തെ പരിഹാസം കൊണ്ടാണ് പ്രതിപക്ഷം നേരിട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാജ വാർത്തകളെക്കുറിച്ച് സംസാരിച്ചത് വിചിത്രമാണെന്ന് ആർ.ജെ.ഡി രാജ്യസഭാംഗം മനോജ് ഝാ പറഞ്ഞു. വ്യാജ വാർത്തകളുണ്ടായിരുന്നില്ലെങ്കിൽ ബി.ജെ.പി ശീട്ടുകൊട്ടാരം കണക്കെ തകർന്നുവീഴുമായിരുന്നു. പ്രധാനമന്ത്രി ആഗ്രഹിച്ചിരുന്നെങ്കിൽ ഇന്ത്യയിൽ ഇന്നുണ്ടായ ഒരു നാശവും സംഭവിക്കില്ലായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കള്ളം പറഞ്ഞും വ്യാജ വാഗ്ദാനങ്ങൾ നൽകിയും ജനങ്ങളുടെ വോട്ട് വാങ്ങി ഭരിക്കുക എന്നത് മാത്രമാണ് പ്രധാനമന്ത്രിയുടെ മുദ്രാവാക്യമെന്ന് ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിങ് പറഞ്ഞു. ഭൂരിപക്ഷം വ്യാജവാർത്തകൾക്കും ഉത്തരവാദി പ്രധാനമന്ത്രിയുടെ മന്ത്രിസഭയിലെ സഹപ്രവർത്തകർ തന്നെയാണെന്ന് ആപ് ദേശീയ വക്താവ് പ്രിയങ്ക കക്കാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.