ബംഗളൂരു: ബംഗളൂരുവില്‍ കോവിഡ് രോഗികള്‍ക്ക് ആശുപത്രിയില്‍ കിടക്കകള്‍ അുനുവദിക്കുന്നതുമായി ബന്ധപ്പെട്ട അഴിമതിയില്‍ രണ്ടുപേരെ കൂടി സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് (സി.സി.ബി) അറസ്റ്റ് ചെയ്തു. ബംഗളൂരു സ്വദേശികളായ എം. യശ്വന്ത്കുമാര്‍ (21), എസ്. വരുണ്‍ (20) എന്നിവരാണ് അറസ്റ്റിലായതെന്ന് പൊലീസ് ജോയിൻറ് കമീഷണര്‍ സന്ദീപ് പാട്ടീല്‍ പറഞ്ഞു.
ബി.ബി.എം.പി സൗത്ത് സോണ്‍ കോവിഡ് വാര്‍ റൂമിലെ ജീവനക്കാരനാണ് വരുണ്‍. രോഗികളുടെ നമ്പറുകള്‍ സുഹൃത്തായ യശ്വന്ത് കുമാറിന് വരുണ്‍ കൈമാറിയിരുന്നതായി പൊലീസ് കണ്ടെത്തി. വരുണ്‍ നല്‍കുന്ന നമ്പറുകളില്‍ യശ്വന്ത്കുമാര്‍ ബന്ധപ്പെട്ട് കിടക്ക ബുക്ക് ചെയ്യാൻ അമിത പണം ആവശ്യപ്പെടുകയായിരുന്നു.
കേസുമായി ബന്ധപ്പെട്ട് ഇതുവരെ 11 പേര്‍ അറസ്റ്റിലായെന്നും അന്വേഷണം തുടരുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. കേസില്‍ ബി.ജെ.പി എം.എല്‍.എ സതീഷ് റെഡ്ഡിയുടെ സ്റ്റാഫംഗം ബാബുവിനെ (34) കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആശുപത്രികളിൽ കിടക്കകൾ ബുക്ക് ചെയ്ത് വൻതുകക്ക് തിരിമറി നടത്തിയ കേസിലെ മുഖ്യകണ്ണി ഇയാളാണെന്നാണ് സി.സി.ബി കണ്ടെത്തൽ.
നേരത്തെ നേത്രാവതി, രോഹിത്, വെങ്കട് സുബ്ബറാവു, മഞ്ജുനാഥ്, പുനീത് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. കിടക്ക അനുവദിക്കുന്നതിലെ അഴിമതി ആരോപിച്ച് ബംഗളൂരു സൗത്ത് എം.പി തേജസ്വി സൂര്യക്കൊപ്പം ബി.ബി.എം.പി കോവിഡ് വാർ റൂമിലെത്തി പരിശോധന നടത്താനും അഴിമതിയാരോപണം ഉന്നയിക്കാനും സതീഷെ റെഡ്ഡി എം.എൽ.എയാണ് മുൻനിരയിലുണ്ടായിരുന്നത്. എം.പിയുടെ വിവാദ വെളിപ്പെടുത്തലും തുടർന്ന് 17ന് മുസ്ലിം ജീവനക്കാരെ ലക്ഷ്യമിട്ട് ബി.ജെ.പി നേതാക്കൾ നടത്തിയ വിദ്വേഷ പ്രചാരണവും വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു.
എന്നാൽ, കേസിൽ ആരോപണ വിധേയരായ മുസ്ലിം യുവാക്കൾക്ക് പങ്കില്ലെന്ന് പിന്നീട് നടന്ന അന്വേഷണത്തിൽ വ്യക്തമായി. ഇതിനിടയിലാണ് ബി.ജെ.പി എം.എൽ.യുടെ സ്റ്റാഫംഗമാണ് സംഭവത്തിലെ മുഖ്യകണ്ണിയെന്ന് വ്യക്തമാകുന്നത്. പ്രകടമായ ലക്ഷണങ്ങളില്ലാത്ത രോഗികളുടെ പേരില്‍ കിടക്ക ബുക്ക് ചെയ്തശേഷം വന്‍തുക ഈടാക്കി മറ്റുരോഗികള്‍ക്ക് കിടക്ക നല്‍കുകയായിരുന്നു തട്ടിപ്പ് സംഘത്തിന്‍റെ രീതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.