ന്യൂഡൽഹി: ഡൽഹി ലോധി എസ്റ്റേറ്റിലെ വസതിയിൽനിന്ന് ഒഴിപ്പിക്കാനുള്ള തീരുമാനം മാറ്റണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാറിന് താൻ കത്തുനൽകിയെന്ന വാർത്ത വ്യാജമാണെന്ന് വ്യക്തമാക്കി എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. അത്തരം ഒരു അപേക്ഷയും താൻ ആരോടും നടത്തിയിട്ടില്ലെന്നും നിർദേശിക്കപ്പെട്ട ആഗസ്റ്റ് ഒന്നിനകംതന്നെ വസതി ഒഴിയുമെന്നും പ്രിയങ്ക ട്വീറ്റിൽ അറിയിച്ചു.
ലോധി എസ്റ്റേറ്റിലെ വസതിയിൽ കുറച്ചുകാലം കൂടി താമസിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രിയങ്ക നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ അദ്ദേഹം അതിന് അനുവദിച്ചുവെന്ന് ചില ഉത്തരേന്ത്യൻ മാധ്യമങ്ങളാണ് വാർത്ത പ്രസിദ്ധീകരിച്ചത്. ഇത്തരത്തിൽ വാർത്ത പ്രസിദ്ധീകരിച്ച ഔട്ലുക്ഇന്ത്യ (https://www.outlookindia.com/) വെബ്സൈറ്റിെൻറ ലിങ്ക് ഉൾപെടുത്തിയാണ് വ്യാജവാർത്തക്കെതിരെ പ്രിയങ്ക വിശദീകരണവുമായി എത്തിയത്. ‘ഇത് വ്യാജവാർത്തയാണ്. ഇത്തരം ഒരു അപേക്ഷയും ഞാൻ സർക്കാറിനു മുമ്പാകെ നടത്തിയിട്ടില്ല. ജൂലൈ ഒന്നിന് എനിക്ക് ലഭിച്ച ഒഴിപ്പിക്കൽ നോട്ടിസിൽ പറയുന്നതു പ്രകാരം ആഗസ്റ്റ് ഒന്നിനകം ഞാൻ ലോധി എസ്റ്റേറ്റിലെ സർക്കാർ വസതി ഒഴിയും.’ -ട്വീറ്റിൽ പ്രിയങ്ക വ്യക്തമാക്കി.
This is FAKE NEWS.
— Priyanka Gandhi Vadra (@priyankagandhi) July 14, 2020
I have not made any such request to the government. As per the eviction letter handed to me on the 1st of July, I will be vacating the government accommodation at 35 Lodhi Estate by the 1st of August.https://t.co/GkBO5dkaLs
വാർത്ത ഏജൻസിയായ ഐ.എ.എൻ.എസ് നൽകിയതാണെന്ന സൂചനയുമായാണ് വ്യാജ വാർത്ത പ്രസിദ്ധീകരിച്ചത്. കടുത്ത രാഷ്ട്രീയ എതിരാളിക്കുപോലും ‘മാനുഷിക പരിഗണന’ നൽകിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനുകമ്പ വിശദീകരിക്കാൻ ഒരു ഖണ്ഡിക തന്നെ റിപ്പോർട്ടിൽ ചേർത്തിട്ടുമുണ്ട്. ‘അവസരം കിട്ടുേമ്പാഴൊക്കെ തന്നെ അധിക്ഷേപിക്കുന്ന, നഖശിഖാന്തം എതിർക്കുന്ന കുടുംബത്തോടുപോലും മോദി ഹൃദയവിശാലത കാട്ടുന്നത് ഇതാദ്യമല്ല’ എന്ന് വ്യാജ വാർത്തയിൽ ചൂണ്ടിക്കാട്ടുന്നു.
LATEST VIDEO
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.