ന്യൂഡൽഹി: രാജ്യം മാറ്റം ആവശ്യപ്പെടുന്നുണ്ടെന്നും 2004 ആവർത്തിക്കുമെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഇന്ത്യ തിളങ്ങുന്നു എന്ന മുദ്രാവാക്യം പോലെ മോദിയുടെ ഗാരന്റിയും പാഴാകുമെന്നും ഖാർഗെ പറഞ്ഞു. കോൺഗ്രസ് പ്രകടനപത്രികക്ക് അംഗീകാരം നൽകാൻ എ.ഐ.സി.സി ആസ്ഥാനത്ത് ചേർന്ന പ്രവർത്തക സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അധികാരത്തിൽ എത്തിയാൽ പ്രകടനപത്രികയിലെ വാഗ്ദാനങ്ങളെല്ലം കർശനമായി നടപ്പാക്കും. 1926 മുതൽതന്നെ കോൺഗ്രസ് പാർട്ടിയുടെ പ്രകടനപത്രിക വിശ്വാസത്തിന്റെയും പ്രതിബദ്ധതയുടെയും രേഖയായി കണക്കാക്കപ്പെടുന്നത് ഈ വസ്തുതകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. പ്രകടനപത്രികയിൽ വാഗ്ദാനങ്ങൾ നൽകുന്നതിന് മുമ്പ് അവ നടപ്പിലാക്കാൻ കഴിയുമോ എന്ന് ഉറപ്പാക്കാൻ ആഴത്തിലുള്ള ചർച്ചകൾ നടത്തിയിട്ടുണ്ട്.
പൊതുജന പങ്കാളിത്തത്തിന്റെ അഭിപ്രായം തേടിയാണ് പ്രകടനപത്രിക തയാറാക്കിയിട്ടുള്ളത്. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര നമ്മുടെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ ജനസമ്പർക്ക പരിപാടിയായി ശ്രദ്ധിക്കപ്പെടുന്നതാണ്. രണ്ട് യാത്രകൾക്കും ജനങ്ങളുടെ പ്രശ്നം ദേശീയതലത്തിൽ എത്തിക്കാൻ കഴിഞ്ഞു. യാത്രക്കിടെ രാഹുൽ ഗാന്ധിയും താനും അഞ്ച് ന്യായ് പദ്ധതികളിലായി 25 ഗാരന്റികൾ നൽകിയിട്ടുണ്ടെന്നും ഖാർഗെ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.