ന്യൂഡൽഹി: കാനഡ വിഷയത്തിൽ രാജ്യതാൽപര്യങ്ങൾ പരമപ്രധാനമാകണമെന്നും തീവ്രവാദ വിരുദ്ധ പോരാട്ടത്തിൽ വിട്ടുവീഴ്ച അരുതെന്നും ആവശ്യപ്പെട്ട് കോൺഗ്രസ്. തീവ്രവാദം ഇന്ത്യയുടെ പരമാധികാരത്തെയും ഐക്യത്തെയും വെല്ലുവിളിച്ചപ്പോഴൊക്കെയും അതിനെതിരായ പോരാട്ടത്തിൽ വിട്ടുവീഴ്ച പാടില്ലെന്ന് വിശ്വസിച്ച കക്ഷിയാണ് കോൺഗ്രസ് എന്ന് പാർട്ടി ജനറൽ സെക്രട്ടറി ജയ്റാം രമേശ് എക്സിൽ കുറിച്ചു.
ഖലിസ്ഥാൻ നേതാവിന്റെ വധത്തിനു പിന്നിൽ ‘ഇന്ത്യൻ സർക്കാറിന്റെ കരങ്ങളാണെ’ന്ന ആരോപണവുമായി കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രംഗത്തെത്തിയതിനു പിന്നാലെ ഇരുരാജ്യങ്ങൾക്കുമിടയിൽ നയതന്ത്ര യുദ്ധം. രണ്ടു രാജ്യങ്ങളും നയതന്ത്ര പ്രതിനിധികളെ പുറത്താക്കി. ട്രൂഡോയുടെ ആരോപണങ്ങൾ ദുരുപദിഷ്ടവും അസംബന്ധവുമായി ഇന്ത്യ തള്ളി.
നിരോധിത ഖലിസ്ഥാൻ സംഘടനയായ ഖലിസ്ഥാൻ ടൈഗർ ഫോഴ്സ് മേധാവിയും ഇന്ത്യ 10 ലക്ഷംരൂപ തലക്ക് വിലയിട്ട കൊടുംഭീകരനുമായ ഹർദീപ് സിങ് നിജ്ജാർ (45) കഴിഞ്ഞ ജൂൺ 18ന് കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലാണ് കൊല്ലപ്പെട്ടത്.
സർറിയിലെ ഗുരു നാനാക് ഗുരുദ്വാരയുടെ പാർക്കിങ്ങിൽ സ്വന്തം പിക്കപ് വാനിൽ വെടിയുണ്ടയേറ്റ് അതിഗുരുതരാവസ്ഥയിൽ കണ്ട നിജ്ജാർ പിന്നീട് സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു. പ്രതികൾ സഞ്ചരിച്ച കാർ തിരിച്ചറിഞ്ഞെങ്കിലും മൂന്നു മാസമായി ആരെയും പിടികൂടാനായിരുന്നില്ല. ഗുരുദ്വാരയുടെ പ്രസിഡന്റ് കൂടിയായിരുന്ന നിജ്ജാർ കാനഡയിലെ പ്രമുഖ ഖലിസ്ഥാൻ നേതാവ് കൂടിയായിരുന്നു.
കുറ്റവാളികൾക്കായുള്ള തിരച്ചിൽ തുടരുന്നതിനിടെയാണ് പ്രധാനമന്ത്രി ട്രൂഡോ ഇന്ത്യക്കെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തിയത്. ഇന്ത്യൻ സർക്കാറിന്റെ ഏജന്റുമാരാണ് കൃത്യം നടത്തിയതെന്നായിരുന്നു കുറ്റപ്പെടുത്തൽ. ഇതിനു പിന്നാലെ രാജ്യത്തെ മുതിർന്ന ഇന്ത്യൻ നയതന്ത്ര പ്രതിനിധിയെ കാനഡ പുറത്താക്കുകയും ചെയ്തു.
നടപടിയിൽ കടുത്ത അതൃപ്തി അറിയിച്ച ഇന്ത്യ ട്രൂഡോയുടെയും കാനഡ വിദേശകാര്യ മന്ത്രിയുടെയും പ്രതികരണങ്ങൾ അസംബന്ധമാണെന്നും രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്നും കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.