ന്യൂഡൽഹി: വാരാണസിയിലെ ഗ്യാൻവ്യാപി മസ്ജിദിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എ.എസ്.ഐ) നടത്താനിരിക്കുന്ന സർവേയുമായി ബന്ധപ്പെട്ട് മസ്ജിദ് കമ്മിറ്റിയോട് സുപ്രീംകോടതി വിശദീകരണം തേടി. മസ്ജിദ് നിൽക്കുന്നത് പഴയ ക്ഷേത്ര ഭാഗത്താണെന്നും സർവേയിൽ ‘ശിവലിംഗം’ ഉൾപ്പെടുന്ന സ്ഥലം കൂടി ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ഹിന്ദു വിഭാഗം സമർപ്പിച്ച ഹരജി പരിഗണിക്കവെയാണ് വിഷയത്തിൽ രണ്ടാഴ്ചക്കകം മറുപടി നൽകാൻ കോടതി മസ്ജിദ് കമ്മിറ്റിയോട് നിർദേശിച്ചത്.
പള്ളിയുടെ വുദുഖാനക്ക് നടുവിൽ ‘ശിവലിംഗം’ ഉണ്ടെന്നാണ് ഹരജിക്കാരുടെ വാദം. 2022 മേയ് 16ന് അലഹാബാദിലെ കീഴ് കോടതി സർവേക്ക് അനുമതി നൽകിയിരുന്നു. അത് അലഹാബാദ് ഹൈകോടതി ശരിവെച്ചു. 2023 ആഗസ്റ്റ് നാലിന് വിഷയം പരിഗണിച്ച സുപ്രീംകോടതി, കീഴ് കോടതി വിധി റദ്ദാക്കാൻ തയാറായില്ല. എന്നാൽ, മസ്ജിദ് കോമ്പൗണ്ടിലെ വസ്തുവകകൾക്ക് കേടുപറ്റാത്ത വിധവും കെട്ടിട ഭാഗങ്ങൾ പൊളിക്കാതെയും സർവേ നടത്തണമെന്ന് നിർദേശിച്ചു. ഇതുപ്രകാരം, വുദുഖാന സർവേ പരിധിയിൽ വരില്ല.
എന്നാൽ, ഈ ഭാഗം അടക്കം ഉൾപ്പെടുത്തണമെന്നാണ് ഹരജിക്കാരുടെ വാദം. അതോടൊപ്പം, ഗ്യാൻവ്യാപി സംബന്ധിച്ച മുഴുവൻ കേസുകളും അലഹാബാദ് ഹൈകോടതിയിലേക്ക് മാറ്റണമെന്നും അവർ ആവശ്യപ്പെട്ടു. കേസ് ഡിസംബർ 17ന് വീണ്ടും പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.