അൽവാർ: രാജസ്ഥാനിലെ അൽവാറിൽ ക്രിസ്തുമതം സ്വീകരിക്കാൻ മാതാപിതാക്കൾ നിർബന്ധിക്കുന്നതായി ദമ്പതികളുടെ പരാതി. നേരത്തെ ക്രിസ്തുമതം സ്വീകരിച്ച മാതാപിതാക്കൾ തങ്ങളെയും മതം മാറ്റാൻ സമ്മർദം ചെലുത്തുന്നുവെന്നും ഹിന്ദു ദൈവങ്ങളെ ആരാധിക്കുന്നതിൽ നിന്ന് തടയുന്നുവെന്നുമാണ് ഇവർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. എഫ്.ഐ.ആർ ഫയൽ ചെയ്തതായി എസ്.പി തേജസ്വിനി ഗൗതം അറിയിച്ചു.
രണ്ട് വർഷം മുമ്പ് ക്രിസ്തുമതം സ്വീകരിച്ച മാതാപിതാക്കൾ തങ്ങളുടെ വിശ്വാസ ആചാരങ്ങൾ പിന്തുടരുന്നതിന് തടസ്സം സൃഷ്ടിച്ച് തങ്ങളെയും മതം മാറ്റാൻ നിർബന്ധിക്കുകയാണെന്ന് പരാതിക്കാരനായ സോനു പറഞ്ഞു. സോനുവിന് പിന്തുണയുമായി വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി) ജില്ലാ പ്രസിഡന്റ് ദിലീപ് മോദിയും രംഗത്തെത്തിയിട്ടുണ്ട്.
മതം മാറിയില്ലെങ്കിൽ കുടുംബാംഗങ്ങളെ ബഹിഷ്കരിക്കുമെന്ന് മാതാപിതാക്കൾ ഭീഷണിപ്പെടുത്തിയതായി ദിലീപ് മോദി ആരോപിച്ചു. "മക്കളെ ക്രിസ്തുമതത്തിലേക്ക് മാറ്റാൻ രക്ഷിതാക്കൾ നിർബന്ധിക്കുന്ന വിവരം വിശ്വഹിന്ദു പരിഷത്തിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. കുട്ടികൾ ആരാധിക്കുന്ന ദൈവങ്ങളുടെ ഫോട്ടോ അവർ തകർക്കുകയും പ്രാർത്ഥിക്കുന്നതിൽ നിന്ന് തടയുകയും ചെയ്യുന്നു. വീട്ടിൽ വെച്ച് ഹിന്ദു ദൈവങ്ങളെ ആരാധിക്കരുതെന്നാണ് അവർ പറയുന്നത്. 25 ഓളം പേരെ മതം മാറ്റുമെന്നും ക്രിസ്തുമതം സ്വീകരിച്ചില്ലെങ്കിൽ ബഹിഷ്കരിക്കുമെന്നും രക്ഷിതാക്കൾ ഭീഷണിപ്പെടുത്തുന്നു" -മോദി പറഞ്ഞു.
ആളുകളെ വശീകരിച്ച് ക്രിസ്ത്യൻ മതത്തിലേക്ക് പരിവർത്തനം ചെയ്യുന്നതിനായി മാസംതോറും ഇവർക്ക് പണം ലഭിക്കുന്നതായും വി.എച്ച്.പി ആരോപിച്ചു. 'ഇതൊരു റാക്കറ്റാണ്. ഹിന്ദുക്കളുടെ എണ്ണം കുറയണമെന്ന് അവർ ആഗ്രഹിക്കുന്നു, ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്നു, ക്രിസ്ത്യൻ മതത്തിലേക്ക് പരിവർത്തനം ചെയ്യാൻ ആളുകളെ നിർബന്ധിക്കുകയും ചെയ്യുന്നു" -ദിലീപ് മോദി ആരോപിച്ചു.
തങ്ങൾ ഹിന്ദു ആചാരം പാലിച്ച് ജീവിക്കാൻ ആഗ്രഹിക്കുന്നവരാണെന്ന് പരാതിക്കാരനായ സോനു വാർത്താ ഏജൻസിയായ എ.എൻ.ഐയോട് പറഞ്ഞു. "കുടുംബത്തിലെ ചിലർ ക്രിസ്തുമതം സ്വീകരിച്ചിട്ടുണ്ട്. ഞങ്ങൾ ദൈവത്തോട് പ്രാർത്ഥിക്കുമ്പോൾ അവർ തടയുന്നു. നമ്മുടെ ദൈവങ്ങളുടെ ഫോട്ടോകൾ അവർ നശിപ്പിക്കുന്നു. മതപരിവർത്തനത്തിന് ഞങ്ങളെ നിർബന്ധിക്കുന്നു. ഹിന്ദുമതം പിന്തുടരരുതെന്ന് ഞങ്ങളോട് പറയുന്നു" -സോനു പറഞ്ഞു.
വിഷയത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും കുടുംബ കലഹവും ഇതിന് പിന്നിലുണ്ടെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.