യാദ്ഗിർ ജില്ലയിലെ ഷഹാപുരിൽ കുളത്തിൽ ചാടി ജീവനൊടുക്കിയവരുടെ മൃതദേഹങ്ങൾക്കായി തെരച്ചിൽ നടത്തുന്നു

കർണാടകയിൽ ആറംഗ കർഷക കുടുംബം കുളത്തിൽ ചാടി ജീവനൊടുക്കി

ബംഗളൂരു: കർണാടകയിൽ കർഷക കുടുംബത്തിലെ ആറുപേരെ കുളത്തിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. യാദ്ഗിർ ജില്ലയിലെ ഷഹാപുരിലെ കർഷകനായ ഭീമരായ സുരപുര, ഭാര്യ ശാന്തമ്മ, മക്കളായ ശിവരാജ്, സുമിത്ര, ശ്രീദേവി, ലക്ഷ്മി എന്നിവരാണ് മരിച്ചത്. കൃഷിനാശത്തെതുടർന്ന്​ പലിശക്കെടുത്ത പണം തിരിച്ചുനൽകാനാകാത്തതിനെ തുടർന്നും മറ്റു കടബാധ്യതകളെ തുടർന്നുമാണ് ആത്മഹത്യയെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

രാവിലെ പത്തോടെ പ്രദേശവാസികളാണ് കുളത്തിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. തുടർന്ന് പൊലീസെത്തി മുങ്ങൽ വിദഗ്ധരുടെ സഹായത്തോടെ മണിക്കൂറുകൾ നീണ്ട തിരച്ചിലിലാണ് ആറു മൃതദേഹങ്ങളും പുറത്തെടുത്തത്. ഭീമരായയുടെയും ഭാര്യയുടെയും മൃതദേഹങ്ങൾ ആദ്യം കണ്ടെത്തിയെങ്കിലും ഏറെ നേരം കഴിഞ്ഞാണ് മക്കളുടെ മൃതദേഹം കണ്ടെത്താനായത്. കൃഷിക്കായി പ്രദേശത്തെ പണമിടപാട് സ്ഥാപനങ്ങളിൽനിന്നും പലിശക്ക് പണം കൊടുക്കുന്നവരിൽനിന്നും ഇവർ കടം വാങ്ങിയിരുന്നതായി പ്രദേശവാസികൽ പൊലീസിന് മൊഴി നൽകി.

വിചാരിച്ചപോലെ കൃഷിയിൽനിന്നും ലാഭമുണ്ടാകാതെ വന്നതോടെ തിരിച്ചടവും മുടങ്ങിയിരുന്നു. പലിശ പോലും നൽകാൻ കഴിയാതെ ഇവർ ബുദ്ധിമുട്ടിലായിരുന്നുവെന്നാണ് വിവരം. പലതരത്തിലുള്ള കൃഷിയിറക്കിയെങ്കിലും നഷ്​​ടമായിരുന്നുവെന്നും പറയുന്നുണ്ട്. മറ്റു മാർഗങ്ങളില്ലാതെ വന്നതോടെയാണ് ജീവനൊടുക്കിയതെന്നാണ് പൊലീസിന്‍റെ അനുമാനം. അസ്വഭാവിക മരണത്തിന് കേസെടുത്ത യാദ്ഗിർ പൊലീസ് അന്വേഷണം ആരംഭിച്ചു. പോസ്​റ്റ്മോർട്ടം റിപ്പോർട്ട് ഉൾപ്പെടെ വന്നശേഷം തുടർ നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

യാദ്ഗിർ ബി.ജെ.പി എം.എൽ.എ വെങ്കടറെഡ്ഡി മുദ്നല സംഭവ സ്ഥലത്തെത്തി മരിച്ചവരുടെ കുടുംബാംഗങ്ങളെ സന്ദർശിച്ചു. കർഷകർ കടബാധ്യതയെതുടർന്ന് ആത്മഹത്യ ചെയ്യരുതെന്നും കർഷകരുടെ ജീവൻ രക്ഷിക്കാൻ പ്രതിജ്ഞാബന്ധമായ സർക്കാർ ഇവിടെയുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിങ്ങളുടെ ജീവൻ രക്ഷിക്കാനാണ് പ്രവർത്തിക്കുന്നതെന്നും കടമുണ്ടെങ്കിൽ അത് തങ്ങളുടെ ശ്രദ്ധയിൽപെടുത്തിയാൽ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.


Tags:    
News Summary - ouple commit suicide with four kids in Karnataka due to unbearable debts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.