മുംബൈ: ഭാര്യയെ കൊന്ന് കത്തിച്ച കേസിൽ അറസ്റ്റിലായ പ്രതിയെ വെറുതെവിട്ട് കോടതി. പ്രതിക്കെതിരെ ആരോപിക്കപ്പെട്ട കുറ്റങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. 2015ൽ നടന്ന കേസിൽ സെഷൻസ് ജഡ്ജി എ.എൻ സിർസിക്കർ ആണ് വിധി പറഞ്ഞത്.
മഹാരാഷ്ട്രയിലെ താനെ സ്വദേശിയായ അൽപേഷ് ജഗ്വാല എന്നയാളെയാണ് കോടതി കുറ്റവിമുക്തനാക്കിയത്. 2015ലായിരുന്നു ജഗ്വാലയും പാൽഘർ നിവാസിയായ ആരതിയും വിവാഹിതരാകുന്നത്. ഇതിന് പിന്നാലെ തന്നെ ഇയാൾ യുവതിയെ ആക്രമിക്കുക പതിവായിരുന്നുവെന്നാണ് റിപ്പോർട്ട്. 2015 ഡിസംബറിൽ 21ന് ജഗ്വാല ആരതിയുടെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച ശേഷം തീകൊളുത്തുകയായിരുന്നു. താനെയിലെ സിവിൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് യുവതി മരണപ്പെടുന്നത്. ചികിത്സയിലിരിക്കെ ആരതി നൽകിയ മരണമൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.
അതേസമയം കുറ്റകൃത്യത്തിന് സാക്ഷികളില്ലെന്നും ആരതി നൽകിയ മരണമൊഴികൾ പരസ്പര വിരുദ്ധമാണെന്നുമായിരുന്നു കോടതിയിൽ പ്രതിഭാഗത്തിന്‍റെ വാദം. ജഗ്വാലയുടെ സഹോദരങ്ങളോടൊപ്പമാണ് ദമ്പതികൾ താമസിച്ചിരുന്നത്. കേസിൽ സഹോദരനെയും ഭാര്യയേയും പ്രോസിക്യൂഷൻ വിസ്തരിച്ചിട്ടില്ലെന്നും കോടതിയിൽ വ്യക്തമായ തെളിവുകൾ ഹാജരാക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്നും കേസ് പരിഗണിക്കുന്നതിനിടെ ജഡ്ജി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.