ലഖ്നോ: ഹഥ്രസിൽ കൂട്ടബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബാംഗത്തിന് ജോലി നൽകാൻ നടപടി സ്വീകരിക്കണമെന്ന് യു.പി സർക്കാറിന് നിർദേശം നൽകി അലഹബാദ് ഹൈകോടതി. മൂന്ന് മാസത്തിനുള്ളിൽ ജോലി നൽകണമെന്ന് ഉത്തരവിൽ പറയുന്നു. ജസ്റ്റിസുമാരായ രാജൻ റോയ് ജസ്പ്രീത് സിങ് എന്നിവർ അടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
കുടുംബത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ ഉന്നമനവും കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങളും കണക്കിലെടുത്ത് ഇരയുടെ കുടുംബത്തെ ഹഥ്റസിൽ നിന്ന് ഉത്തർപ്രദേശിൽ തന്നെയുള്ള ഏതെങ്കിലും സ്ഥലത്തേക്ക് മാറ്റി താമസിപ്പിക്കുന്നത് പരിഗണിക്കണമെന്നും ഹൈകോടതി നിർദേശിച്ചു.
2020 സെപ്തംബർ 30ന് ഇരയുടെ കുടുംബത്തിന് രേഖാമൂലം നൽകിയ വാഗ്ദാനം സംസ്ഥാന അധികാരികൾ പാലിക്കണമെന്ന് എന്നിവരുടെ ബെഞ്ച് പറഞ്ഞു.
ഹഥ്രസിന് പുറത്ത് ജോലിയും പുനരധിവാസവും വേണമെന്ന് ഇരയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നു. സംഭവത്തിന് ശേഷം ഇരയുടെ സഹോദരങ്ങളും പിതാവും ജോലിയില്ലാത്തവരായി മാറിയെന്നും സംഭവത്തെത്തുടർന്ന് ഹത്രാസിൽ കുടുംബത്തിന് സാധാരണ ജീവിതം നയിക്കാൻ ബുദ്ധിമുട്ടാണെന്നും പെൺകുട്ടിയുടെ കുടുംബം കോടതിയെ അറിയിച്ചിരുന്നു.
ഉത്തര്‍പ്രദേശിലെ ഹഥ്രസ് ജില്ലയില്‍ 19കാരിയായ ദലിത് യുവതി കൂട്ടബലാത്സംഗത്തിന് ഇരയാവുകയും സെപ്തംബർ 29ന് ഡൽഹിയിലെ സഫ്ദർജങ് ആശുപത്രിയിൽ വച്ച് മരണപ്പെടുകയുമായിരുന്നു. എന്നാൽ പെൺകുട്ടിയുടെ മൃതദേഹം പെട്ടെന്ന് ദഹിപ്പിക്കാൻ പൊലീസ് നിർബന്ധിക്കുകയായിരുന്നെന്ന് കുടുംബം ആരോപിച്ചു. സംഭവത്തിൽ അലഹബാദ് ഹൈക്കോടതി സ്വമേധയ കേസെടുക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.