ജാക്വിലിൻ ഫെർണാണ്ടസിന്‍റെ ഇടക്കാല ജാമ്യം വീണ്ടും നീട്ടി; സ്ഥിരജാമ്യ വിധി നവംബർ 15ന്

ന്യൂഡൽഹി: സുകേഷ് ചന്ദ്രശേഖർ ഉൾപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബോളിവുഡ് താരം ജാക്വിലിൻ ഫെർണാണ്ടസിന്‍റെ ഇടക്കാല ജാമ്യം നവംബർ 15 വരെ നീട്ടി. ഡൽഹി പട്യാല ഹൗസ് കോടതിയാണ് ജാമ്യം നീട്ടി ഉത്തരവിട്ടത്. സ്ഥിരജാമ്യം സംബന്ധിച്ച് അന്നേദിവസം കോടതി ഉത്തരവ് പുറപ്പെടുവിക്കും.

കഴിഞ്ഞ സെപ്തംബർ 26നാണ് കേസിൽ ജാക്വിലിന് ഇടക്കാല ജാമ്യം കോടതി അനുവദിച്ചത്. തുടർന്ന് താരത്തിന്‍റെ ജാമ്യം നവംബർ 10 വരെ നീട്ടി നൽകി. സാമ്പത്തിക തട്ടിപ്പുകാരൻ സുകേഷ് ചന്ദ്രശേഖർ മുഖ്യപ്രതിയായ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അനുബന്ധ കുറ്റപത്രത്തിലാണ് ജാക്വിലിനെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) പ്രതി ചേർത്തത്.

ജാക്വിലിൻ ഒരിക്കലും അന്വേഷണവുമായി സഹകരിച്ചിട്ടില്ലെന്നും തെളിവുകൾ ലഭിച്ചപ്പോൾ മാത്രമാണ് കാര്യങ്ങൾ വെളിപ്പെടുത്തിയതെന്നുമുള്ള ശക്തമായ എതിർവാദം ജാമ്യം നൽകുന്നതിനെതിരെ ഇ.ഡി ഉയർത്തിയിരുന്നു. രാജ്യത്ത് നിന്ന് കടന്നുകളയാൻ ജാക്വിലിൻ ശ്രമിച്ചതായും യാത്രാവിലക്ക് ഉള്ളതിനാൽ അതിന് കഴിഞ്ഞില്ലെന്നും ഇ.ഡി അഭിഭാഷകൻ ചൂണ്ടിക്കാട്ടി‍.

സുകേഷ് ചന്ദ്രശേഖർ ഭീഷണിപ്പെടുത്തിയും മറ്റ് കുറ്റകൃത്യത്തിലൂടെയും തട്ടിയെടുത്ത പണത്തിൽ നിന്ന് 5.71 കോടിയുടെ സമ്മാനങ്ങൾ ജാക്വിലിന് നൽകിയിരുന്നു. കേസിലെ മറ്റൊരു പ്രതി പിങ്കി ഇറാനി മുഖേനയാണ് നടിക്ക് സമ്മാനങ്ങൾ നൽകിയത്. സമ്മാനങ്ങൾക്കു പുറമേ നടിയുടെ ബന്ധുക്കൾക്ക് 1.3 കോടിയും നൽകി. നടിയുടെ വെബ്സീരീസിന് കഥയെഴുതാൻ സുകേഷ് ചന്ദ്രശേഖർ 15 ലക്ഷം രൂപ മുൻകൂറായി നൽകിയിരുന്നു.

ഫോർട്ടിസ് ഹെൽത്ത് കെയർ ഉടമയായിരുന്ന ശിവിന്ദർ മോഹൻ സിങ്ങി​ന്റെ ഭാര്യ അദിതി സിങ്ങിൽ നിന്ന് ആൾമാറാട്ടം നടത്തി കബളിപ്പിച്ച പണം ഉൾപ്പെടെ ഉപയോഗിച്ചാണ് സുകേഷ് ചന്ദ്രശേഖർ നടിക്ക് സമ്മാനങ്ങൾ വാങ്ങിയതെന്നും ഇ.ഡി പറയുന്നു. സുകേഷിൽ നിന്ന് സമ്മാനങ്ങൾ സ്വീകരിച്ചതായി ഇവർ ചോദ്യംചെയ്യലിൽ സമ്മതിച്ചിരുന്നു. കേസിൽ ചന്ദ്രശേഖർ, ഭാര്യയും മലയാളിയുമായ ലീന മരിയ പോൾ, പിങ്കി ഇറാനി ഉൾപ്പെടെ എട്ടു പേരെ ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു.

Tags:    
News Summary - Court extends the interim bail of actor Jacqueline Fernandez till 15th November

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.