ന്യൂഡൽഹി: കോവിഡിനെതിരായ പോരാട്ടത്തിലെ പ്രധാന ചുവടുവെപ്പാണ് വാക്സിനേഷൻ. ഇന്ത്യയിൽ നിലവിൽ മൂന്ന് വാക്‌സിനുകളാണ് ലഭ്യമായിട്ടുള്ളത്. കോവിഷീൽഡ്, സ്പുടിനിക് വി, കോവാക്‌സിൻ എന്നിവയാണ് അവ. ഇതിൽ കോവാക്‌സിൻ മാത്രമാണ് ഇന്ത്യയിൽ നിർമിച്ചിട്ടുള്ളത്.
ഒരു ഡോസ് കോവിഷീൽഡിന് പരമാവധി വില 780 രൂപയാണ്. റഷ്യയുടെ സ്പുടിനികിൻെറ പരമാവധി വില 1145 രൂപയും. എന്നാൽ, കോവാക്സിൻെറ ഒരു ഡോസിന് പരമാവധി ഈടാക്കുന്ന തുക 1410 രൂപയണ്. 150 രൂപ ജി.എസ്.ടി അടക്കമാണ് ഈ നിരക്ക്.
അതായത് കോവിഷീൽഡിൻെറ വിലയുടെ ഇരട്ടി വരും. കൂടാതെ വിദേശത്ത് അമേരിക്കയുടെ ഫൈസറിനേക്കാൾ വിലയുമുണ്ട്. ആഗോളതലത്തിൽ ചെലവേറിയ മൂന്നാമത്തെ വാക്‌സിനും കോവാക്‌സിൻ തന്നെ.
ചെലവേറിയ സാങ്കേതിക വിദ്യയാണ് കോവാക്സിൻെറ നിർമാണത്തിൽ ഉപയോഗിക്കുന്നതെന്നും അതാണ് വില വർധിക്കാൻ കാരണമെന്നും വിദഗ്ധർ പറയുന്നു. 'കോവാക്‌സിൻെറ സാങ്കേതികവിദ്യ കോവിഷീൽഡിൽനിന്നും സ്പുട്‌നിക്കിൽനിന്നും വളരെ വ്യത്യസ്തമാണ്. കോവാക്‌സിൻ തയാറാക്കാൻ പ്രവർത്തനരഹിതമായ മുഴുവൻ വൈറസും ഉപയോഗിക്കുന്നു. അതിനാൽ നൂറുകണക്കിന് ലിറ്റർ വിലയേറിയ സെറം ഇറക്കുമതി ചെയ്യണം.
ബി.എസ്.എൽ ലാബുകൾക്ക് കീഴിൽ സൂക്ഷിക്കുന്ന ഈ സെറത്തിൽ വൈറസ് വളരുന്നു. ഇവയെ പ്രവർത്തനരഹിതമായി നിർത്തി അതീവ മുൻകരുതലുകളോടെയാണ് ഇതിൻെറ പ്രവർത്തനം' -സെൻറർ ഫോർ സെല്ലുലാർ ആൻഡ് മോളിക്യുലർ ബയോളജി ഉപദേഷ്ടാവ് രാകേഷ് മിശ്ര പറയുന്നു.
'കോവാക്സിന് കോവിഷീൽഡിൻെറ ഇരട്ടി വിലയാണെന്ന് മനസ്സിലാക്കാൻ കഴിയും. പക്ഷേ, കോവിഷീൽഡിനും സ്പുട്നിക്കിനും വ്യത്യസ്ത വില ഈടാക്കുന്നതിന് പിന്നിൽ വാണിജ്യപരമായ കാരണങ്ങളുണ്ടാകാം. സാങ്കേതികമായി എം.ആർ.എൻ.എ വാക്സിനുകൾ ഏറ്റവും എളുപ്പമുള്ളതും നിർമിക്കാൻ ചെലവ് കുറഞ്ഞതുമാണ്. വിശാലമായ സൗകര്യവും ആവശ്യമില്ല' -ഡോ. മിശ്ര കൂട്ടിച്ചേർത്തു.
എം.ആർ.എൻ.എ വാക്‌സിനുകളാണ് ഫൈസറും മോഡേണയും. ഇവയിൽ കോവിഡിന് കാരണമാകുന്ന ജീവനുള്ള വൈറസ് ഉപയോഗിക്കുന്നില്ല. പകരം കോവിഡ് വൈറസിൻെറ ഉപരിതലത്തിൽ കാണപ്പെടുന്ന 'സ്പൈക്ക് പ്രോട്ടീൻെറ' നിരുപദ്രവകരമായ ഒരു ഭാഗം നിർമിക്കാൻ ശരീര കോശങ്ങളെ പ്രേരിപ്പിക്കുന്നു. ഇതുവഴി രോഗപ്രതിരോധ ശേഷി കൈവരിക്കും.
കോവിഡിൻെറ ഏതെങ്കിലും വകഭേദത്തെ വാക്സിന് പ്രതിരോധിക്കാൻ കഴിയുന്നില്ലെങ്കിൽ, അതിനെ തടയാനുള്ള വാക്സിൻ എം.ആർ.എൻ.എ സാങ്കേതിക വിദ്യ വഴി ഉടൻ തന്നെ തയാറാക്കാനാകും. എന്നാൽ, പ്രവർത്തനരഹിതമായ വൈറസിനെ അടിസ്ഥാനമാക്കിയുള്ള കോവാക്സിന് ഇത്തരത്തിലുള്ള പുനർനിർമാണം ദീർഘവും ബുദ്ധിമുട്ടേറിയതുമാണ്' -ഡോ. മിശ്ര പറഞ്ഞു.
അതേസമയം, കഴിഞ്ഞ വർഷം വികസിപ്പിച്ച കോവിഡ് വാക്സിനുകൾക്ക് ഈടാക്കുന്നതിനേക്കാൾ വളരെ കുറവാണ് ഇപ്പോൾ ലോകമെമ്പാടുമുള്ള വാക്സിനുകളുടെ വിലയെന്ന് വിദഗ്ധർ പറയുന്നു. അസംസ്കൃത വസ്തുക്കൾ, പാക്കിങ്, പ്ലാൻറ് പ്രവർത്തനവും പരിപാലനവും, ലൈസൻസുകൾ നേടാനുള്ള ചെലവ്, ഉൽപ്പന്ന വികസനച്ചെലവ്, ക്ലിനിക്കൽ ട്രയലുകൾ എന്നിവയെല്ലാം അടിസ്ഥാനമാക്കിയാണ് വാക്സിൻെറ വില നിശ്ചയിക്കുന്നത്. അതിന് പുറമെ വിവിധ ടാക്സുകളുമുണ്ട്.
ഒരുപാട് കമ്പനികളുടെ വാക്‌സിനുകളാണ് ഇന്ത്യയിലേക്ക് വരാനിരിക്കുന്നത്. ഇതോടെ വില ഇനിയും കുറയുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.