ന്യൂഡൽഹി: കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള ജില്ലകളിൽ രോഗവ്യാപനം തടയുന്നതിനായി ആറ് മുതൽ എട്ട് ആഴ്ച കൂടി അടച്ചിടണമെന്ന് ഐ.സി.എം.ആർ. പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിൽ കൂടുതലുള്ള ജില്ലകളിൽ ലോക്ഡൗൺ നിയന്ത്രണങ്ങൾ തുടരണമെന്ന് ഐ.സി.എം.ആർ മേധാവി ഡോ. ബൽറാം ഭാർഗവ പറഞ്ഞു. ഒരു വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് ബൽറാം ഭാർഗവ ഇക്കാര്യം പറഞ്ഞത്.
രാജ്യത്തെ 718 ജില്ലകളിൽ നാലിൽ മൂന്നിടത്തും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിൽ കൂടുതലാണ്. പ്രധാന നഗരങ്ങളായ ന്യൂഡൽഹി, മുംബൈ, ബംഗളൂരു എന്നിവിടങ്ങളിലും പോസിറ്റിവിറ്റി നിരക്ക് കൂടുതലാണ്.
അതേസമയം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തിലേക്കെത്തിയാൽ ജില്ലകൾ തുറന്നുകൊടുക്കാമെന്നും എന്നാൽ അത് ആറ് മുതൽ എട്ട് ആഴ്ചക്കുള്ളിൽ സാധ്യമാവില്ലെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച ഡൽഹിയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 35 ശതമാനത്തിൽ നിന്ന് 17 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ''ഡൽഹി നാളെ തുറന്നുകൊടുത്താൽ അത് ഒരു ദുരന്തമാവും'' -ഐ.സി.എം.ആർ മേധാവി മുന്നറിയിപ്പു നൽകി.
നിലവിൽ രാജ്യം കോവിഡ് വ്യാപനത്തിന്‍റെ രൂക്ഷമായ സ്ഥിതിയിലാണ്. പ്രതിദിനം മൂന്ന് ലക്ഷത്തിൽപരം പേർക്കാണ് കോവിഡ് ബാധിക്കുന്നത്. 4000 പേേരാളം മരണത്തിന് കീഴടങ്ങുകയും ചെയ്യുന്നു. ആശുപത്രികൾ നിറഞ്ഞു കഴിഞ്ഞു. ഓക്സിജന്‍റെയും പ്രതിരോധ മരുന്നിന്‍റെയും ദൗർലഭ്യവും രാജ്യം നേരിടുന്ന പ്രശ്നമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.