ന്യൂഡൽഹി: പ്രതിവാര കോവിഡ് സ്ഥിരീകരണ നിരക്ക് ഉയരുന്ന സാഹചര്യത്തില്‍ കേരളം, തമിഴ്നാട്, കര്‍ണാടക, തെലങ്കാന, മഹാരാഷ്ട്ര സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ കത്തയച്ചു. മൂന്നു മാസമായി രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്ന സാഹചര്യമായിരുന്നെങ്കിലും ഇക്കഴിഞ്ഞ ആഴ്ചയില്‍ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ ചില സംസ്ഥാനങ്ങളില്‍ വര്‍ധനയുണ്ടായതായി കത്തില്‍ ചൂണ്ടിക്കാട്ടി.
കേരളത്തില്‍ പ്രതിവാര കോവിഡ് കേസുകളുടെ എണ്ണം 4139ല്‍നിന്നു 6556 ആയി ഉയര്‍ന്ന സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. എറണാകുളം, തിരുവനന്തപുരം, കോട്ടയം, കോഴിക്കോട്, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, കൊല്ലം, കണ്ണൂര്‍, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് പ്രതിവാര കോവിഡ് കേസുകളുടെ എണ്ണത്തില്‍ വര്‍ധനയുള്ളത്.
11 ജില്ലകളിലും കോവിഡ് കേസുകള്‍ ഉയരുന്നതിനാല്‍ സംസ്ഥാനം കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണം. കോവിഡ് വ്യാപനം തടയുന്നതിനാവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും പരിശോധന, ചികിത്സ, വാക്സിനേഷന്‍ എന്നിവക്ക് കൂടുതല്‍ ഊന്നല്‍ നല്‍കണമെന്നും കത്തില്‍ വ്യക്തമാക്കി. പ്രതിദിന കോവിഡ് കേസുകളുടെ എണ്ണവും കേരളത്തിലാണ് കൂടുതൽ റിപ്പോർട്ട് ചെയ്യുന്നത്.
വെള്ളിയാഴ്ച രാവിലെ എട്ടുവരെയുള്ള കേന്ദ്രത്തിന്‍റെ കണക്കുപ്രകാരം രാജ്യത്ത് 4041 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 1370 കേസുകളും കേരളത്തിൽനിന്നാണ്. തൊട്ടുപിറകിലുള്ള മഹാരാഷ്ട്രയിൽ 1045 കേസുകൾ റിപ്പോർട്ട് ചെയ്തു. 10 പേരാണ് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.