ലോക്ക് ഡൗണിന് സമാന നിയന്ത്രണം; കർണാടകയിൽ രണ്ടാഴ്ചത്തേക്ക് സമ്പൂർണ കോവിഡ് കർഫ്യൂ

ബംഗളൂരു: കർണാടകയിൽ കോവിഡ് വ്യാപനം അതിതീവ്രമായ സാഹചര്യത്തിൽ ചൊവ്വാഴ്ച രാത്രി മുതൽ 14 ദിവസത്തേക്ക് ലോക്ക് ഡൗണിന് സമാനമായ കർശന നിയന്ത്രണങ്ങളോടെ സമ്പൂർണ കോവിഡ് കർഫ്യൂ ഏർപ്പെടുത്തി. നിലവിലുള്ള വാരാന്ത്യ കർഫ്യൂവിലെ നിയന്ത്രണങ്ങളാണ് രണ്ടാഴ്ചത്തേക്ക് നീട്ടികൊണ്ട് കോവിഡ് കർഫ്യൂ സംസ്ഥാന വ്യാപകമായി നടപ്പാക്കുക.

നിലവിൽ വാരാന്ത്യ കർഫ്യൂവിൽ പൊതുഗതാഗതമുണ്ടെങ്കിലും മേയ് പത്തുവരെയുള്ള കോവിഡ് കർഫ്യൂവിൽ ബസ് സർവീസുണ്ടാകില്ല. ചൊവ്വാഴ്ച രാത്രി ഒമ്പതു മുതൽ അടുത്ത 14 ദിവസത്തേക്ക് സംസ്ഥാനത്ത് കോവിഡ് കർഫ്യൂ ഏർപ്പെടുത്തിയതായും അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് രാവിലെ ആറു മുതൽ പത്തുവരെ പ്രവർത്തിക്കാമെന്നും മറ്റു കടകൾ എല്ലാം അടച്ചിടണമെന്നും മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ പറഞ്ഞു. സംസ്ഥാനത്ത് സമ്പൂർണ ലോക്ക് ഡൗൺ ആണോ ഏർപ്പെടുത്തുന്നതെന്ന് ചോദ്യത്തിന് കോവിഡ് കർഫ്യൂ ആണെന്നും എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാമെന്ന മറുപടിയാണ് മുഖ്യമന്ത്രി നൽകിയത്. കർഫ്യൂ ആണെങ്കിലും ഫലത്തിൽ രണ്ടാഴ്ചത്തേക്ക് സമ്പൂർണ ലോക്ക് ഡൗൺ തന്നെയായിരിക്കും നടപ്പിൽവരുക.

കെട്ടിട നിർമാണം, വ്യവസായ സ്ഥാപനങ്ങൾ, കാർഷിക മേഖല തുടങ്ങിയവക്ക് പ്രവർത്തിക്കാം. നിലവിലുള്ള േപാലെ ഹോട്ടലുകളിൽ പാർസൽ അനുവദിക്കും. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് രാവിലെ ആറു മുതൽ പത്തുവരെ മാത്രമായിരിക്കും പ്രവർത്താനുമതിയുണ്ടാകുക. യാത്ര ചെയ്യുന്നതിനോ അന്തർ സംസ്ഥാന യാത്രക്കോ തടസമില്ലെങ്കിലും കർശന പരിശോധനയുണ്ടാകും. ബംഗളൂരുവിൽ എത്തുന്നവരെ ഉൾപ്പെടെ പരിശോധിക്കും. മെട്രോ ട്രെയിൻ, ട്രെയിൻ സർവീസുകൾ ഉണ്ടാകുമോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. കർഫ്യൂ സംബന്ധിച്ച വിശദമായ ഉത്തരവ് വൈകാതെ ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

യാത്രാ ചെയ്യാനുള്ള അനുമതി സംബന്ധിച്ചും വ്യക്തതായിട്ടില്ല. രണ്ടാം ഘട്ട വ്യാപനത്തിൽ കർണാടകയിൽ പ്രതിദിന രോഗികളുടെ എണ്ണം കഴിഞ്ഞ ദിവസമാണ് മുപ്പതിനായിരം കടന്നത്. ഞായറാഴ്ച മാത്രം 34,804 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഇതിൽ ബംഗളൂരുവിൽ മാത്രം 20,733 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഞായറാഴ്ച മാത്രം കോവിഡ് ബാധിച്ച് 143 പേരാണ് മരിച്ചത്. സംസ്ഥാനത്ത് നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 2,62,162 ആയി ഉയർന്നിരിക്കുകയാണ്.

ഇതിൽ ബംഗളൂരുവിൽ മാത്രം 1,80,542 പേരാണ് ചികിത്സയിലുള്ളത്. സംസ്ഥാനത്തെ ടെസ്​റ്റ് പോസിറ്റിവിറ്റി നിരക്ക് 19.70 ശതമാനവും മരണനിരക്ക് 0.41 ശതമാനവുമായി ഉ‍യർന്നു നിൽക്കുന്ന സാഹചര്യത്തിൽ രോഗ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിനായാണ് 14 ദിവസത്തേക്ക് ഭാഗിക ലോക്ക് ഡൗൺ എന്ന രീതിയിൽ കോവിഡ് കർഫ്യൂ പ്രഖ്യാപിച്ചത്.

ബംഗളൂരുവിലും മറ്റു രോഗ വ്യാപനം കൂടിയ സ്ഥലങ്ങളിലും ആശുപത്രികളിൽ കിടക്കകൾ ഒഴിവില്ലാത്തതും ഒാക്സിജ െൻറ ക്ഷാമവും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന് നിർണായകമായി. 14 ദിവസത്തേക്ക് ലോക്ക് ഡൗൺ ഏർപ്പെടുത്തണമെന്ന് കോവിഡ് സാങ്കേതിക ഉപദേശക സമിതി കഴിഞ്ഞ ദിവസം സർക്കാരിനോട് ശിപാർശ ചെയ്തിരുന്നു. തുടർന്നാണ് തിങ്കളാഴ്ചത്തെ മന്ത്രിസഭ യോഗത്തിൽ ചർച്ച ചെയ്ത് 14 ദിവസത്തേക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ അന്തിമ തീരുമാനമെടുത്തത്.

Tags:    
News Summary - COVID curfew to be implemented in karnataka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.