ന്യൂഡൽഹി: കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ ബന്ധുക്കൾക്ക് മരണ സർട്ടിഫിക്കറ്റ് നൽകുന്നതിന് മാർഗനിർദേശം തയാറാക്കുന്നത് വൈകുന്നതിൽ സുപ്രീംകോടതിക്ക് അതൃപ്തി. ഇക്കാര്യത്തിൽ സെപ്റ്റംബർ 11ന് റിപ്പോർട്ട് നൽകണമെന്ന് കേന്ദ്രസർക്കാറിനോട് കോടതി നിർദേശിച്ചു. കോടതി വളരെ നേരത്തേ ഉത്തരവ് നൽകിയിട്ടുണ്ട്. ഒരിക്കൽ സമയം നീട്ടിനൽകിയിട്ടുമുണ്ട്.
കൃത്യസമയത്ത് മാർഗനിർദേശം തയാറായിരുന്നുവെങ്കിൽ മൂന്നാംഘട്ടവും പൂർത്തിയായേനെയെന്നും എം.ആർ. ഷാ, അനിരുദ്ധ ബോസ് എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. അതേസമയം, ഇതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പരിഗണനയിലാണെന്ന് കേന്ദ്രസർക്കാറിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചു. അഡ്വ. ഗൗരവ് കുമാർ ബൻസാലാണ് പരാതി നൽകിയത്. കോവിഡ് ബാധിച്ച് മരിച്ചയാളുടെ കുടുംബത്തിന് നൽകുന്ന നഷ്ടപരിഹാരത്തിനായി മാർഗനിർദേശം പുറത്തിറക്കാനായി കോടതി ആഗസ്റ്റ് 16ന് നാലാഴ്ചത്തെ സമയം നീട്ടിനൽകിയിരുന്നു. ഇക്കാര്യത്തിൽ ഇനി സമയം വൈകരുതെന്ന് ആവശ്യെപ്പട്ടായിരുന്നു ഹരജി.
പശ്ചിമബംഗാൾ ഏറ്റവും പിറകിൽ
ന്യൂഡൽഹി: 18 വയസ്സിനു മുകളിലുള്ളവർക്കുള്ള ആദ്യ ഡോസ് വാക്സിൻ 100 ശതമാനം പൂർത്തിയാക്കാനൊരുങ്ങി ഹിമാചൽ പ്രദേശ്. സംസ്ഥാനത്ത് 99.69 ശതമാനം ആളുകൾക്കും ആദ്യ ഡോസ് ലഭിച്ചു. സിക്കിം, ഉത്തരാഖണ്ഡ്, കേരളം, ഗുജറാത്ത്, മധ്യപ്രദേശ് സംസ്ഥാനങ്ങളാണ് 70ശതമാനം പേർക്കും ആദ്യ ഡോസ് നൽകിയ സംസ്ഥാനങ്ങൾ. പശ്ചിമ ബാംഗാൾ, ഉത്തർപ്രദേശ്, ജാർഖണ്ഡ്, ബിഹാർ, തമിഴ്നാട് സംസ്ഥാനങ്ങളാണ് ഏറ്റവും പിന്നിൽ.കേരളം 80 ശതമാനത്തിന് മുകളിൽ ആളുകൾക്ക് ആദ്യ ഡോസ് നൽകി. ഉത്തരാഖണ്ഡിൽ ഇത് 81.19 ശതമാനമാണ്. ഗുജറാത്തിൽ 71.85%, മധ്യപ്രദേശിൽ 70.69%. രണ്ടാം ഡോസ് നൽകിയതിലും ഈ സംസ്ഥാനങ്ങളാണ് മുന്നിൽ. എല്ലാ സംസ്ഥാനങ്ങൾക്കും 40 ശതമാനത്തിന് മുകളിൽ ആളുകൾക്ക് ആദ്യ ഡോസ് നൽകാനായി. പശ്ചിമ ബംഗാളിൽ 41.16 ശതമാനം പേർക്കാണ് ആദ്യ ഡോസ് ലഭിച്ചത്. യു.പിയിൽ 42.23% , ബിഹാറിൽ 43.71% , തമിഴ്നാട്ടിൽ 45.86% 18 വയസ്സിനു മുകളിലുള്ളവരുടെ എണ്ണം 93.8 കോടിയാണെന്നാണ് കണക്ക്. ഇതിൽ 51 കോടി പേർക്കും ആദ്യ ഡോസ് ലഭിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.