Representational Image

ഗുരുതര രോഗങ്ങളില്ലാത്ത കുട്ടികൾക്ക് വാക്സിൻ ലഭ്യമാകാൻ അടുത്ത വർഷം വരെ കാത്തിരിക്കേണ്ടി വരുമെന്ന്

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് പ്രതിരോധ വാക്സിനേഷൻ പുരോഗമിക്കുമ്പോൾ കുട്ടികൾക്കുള്ള വാക്സിൻ എന്ന് ലഭ്യമാകുമെന്ന ചോദ്യമായിരുന്നു പൊതുവായി ഉയർന്നിരുന്നത്. സൈഡസ് കാഡിലയുടെ സൈക്കോവ്-ഡി വാക്‌സിന്‍റെ അടിയന്തര ഉപയോഗത്തിന് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു. 12 വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്ക് ഈ വാക്‌സിന്‍ നല്‍കുന്നതിനും സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഇത് ഒക്ടോബറോടെയാണ് പുറത്തിറക്കുക.

അതേസമയം, ആദ്യ പരിഗണന ഗുരുതര രോഗങ്ങളുള്ള കുട്ടികൾക്കാവും നൽകുക. സാധാരണ ആരോഗ്യനിലയുള്ള കുട്ടികൾക്ക് വാക്സിൻ 2022 ആദ്യ പാദത്തിലാകും ലഭ്യമാകുകയെന്ന് കേന്ദ്രത്തിന്‍റെ വാക്സിനേഷൻ വിദഗ്ധ ഉപദേശക സമിതി അംഗം ഡോ. എൻ.കെ. അറോറ 'ഇന്ത്യ ടുഡേ'ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഗുരുതര രോഗങ്ങളുള്ള കുട്ടികൾക്ക് കോവിഡ് ബാധിച്ചാൽ അസുഖം രൂക്ഷമാകും. അതിനാൽ ഇത്തരം കുട്ടികൾക്ക് മുൻഗണന നൽകും.

സൈക്കോവ്–ഡി വാക്സിൻ ഒക്ടോബറോടെ ലഭ്യമാകും. രണ്ട് വയസിനു മുകളിലുള്ള കുട്ടികൾക്കുള്ള കൊവാക്സിൻ പരീക്ഷണം നടക്കുകയാണ്. ഒക്ടോബർ അവസാനത്തോടെ ഇതും പുറത്തിറക്കുമെന്ന് ഡോ. അറോറ പറഞ്ഞു.

രാജ്യത്ത് 12നും 17നും ഇടയിൽ പ്രായമുള്ള 12 കോടി പേരാണുള്ളത്. ഇതിൽ ഒരു ശതമാനത്തിനാണ് ഗുരുതര അസുഖങ്ങളുള്ളത്. രണ്ട് വയസിനും 18നും ഇടയിലുള്ള 44 കോടി കുട്ടികളുണ്ട്. ഇത് ഒരു വലിയ സംഖ്യയാണെന്നും അദ്ദേഹം പറഞ്ഞു.

സൈഡസ് കാഡിലയുടെ സൈക്കോവ്–ഡി വാക്‌സിന്‍ മുതിര്‍ന്നവര്‍ക്കും 12 വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്കും അടിയന്തര ഉപയോഗത്തിനു നല്‍കുന്നതിനു ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഇന്ത്യ (ഡി.സി.ജി.ഐ.) വെള്ളിയാഴ്ചയാണ് അനുമതി നല്‍കിയത്. രാജ്യത്ത് ഉപയോഗത്തിന് അനുമതി നല്‍കുന്ന ആറാമത്തെ കോവിഡ് വാക്‌സിന്‍ ആണ് സൈക്കോവ്-ഡി.

സൈക്കോവ്–ഡി അടുത്തമാസം പകുതിയോടെ വിപണിയിലെത്തുമെന്നാണ് നിർമാതാക്കളായ സൈഡസ് കാഡില കമ്പനി പറഞ്ഞത്. വില അടുത്തയാഴ്ച പ്രഖ്യാപിക്കും. ഒക്ടോബര്‍ മുതല്‍ പ്രതിമാസം ഒരു കോടി ഡോസ് വാക്സിന്‍ ഉല്‍പാദിപ്പിക്കും.

Tags:    
News Summary - Covid jabs for healthy children will be available by first quarter of 2022:

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.