ന്യൂഡൽഹി: കോവിഡ് വരാത്തവർക്ക് പ്രതിരോധത്തിന് നൽകുന്നതിന് പുറമെ കോവിഡ് പോസിറ്റിവായവർക്ക് നിലവിലെ ചികിത്സക്കൊപ്പം രോഗശമനത്തിനും ഹോമിയോപതി മരുന്ന് നൽകാമെന്ന് സുപ്രീംകോടതി. കോവിഡ് ചികിത്സിച്ചുമാറ്റാമെന്ന് അലോപ്പതിപോലും അവകാശപ്പെടുന്നില്ലെന്ന് ഒാർമിപ്പിച്ച സുപ്രീംകോടതി കോവിഡിന് ഹോമിയോപതി ചികിത്സ എന്ന തരത്തിൽ ഉപയോഗിക്കുന്നതിനും പരസ്യം ചെയ്യുന്നതിനും മാത്രമാണ് വിലക്കുള്ളതെന്നും കൂട്ടിച്ചേർത്തു.
ഹോമിയോ ഡോക്ടർമാർ കോവിഡ് ബാധിതർക്ക് മരുന്ന് നൽകുന്നതിനെതിരെ കേരള ഹൈകോടതി പുറപ്പെടുവിച്ച ഉത്തരവ് തിരുത്തിയാണ് ജസ്റ്റിസുമാരായ അശോക് ഭൂഷൺ, ആർ. സുഭാഷ് റെഡ്ഡി, എം.ആർ. ഷാ എന്നിവരടങ്ങുന്ന ബെഞ്ചിെൻറ വിധി.
കോവിഡ് പോലുള്ള രോഗങ്ങളുടെ ലക്ഷണങ്ങൾക്ക് മറ്റു ചികിത്സയുടെ കൂടെ ഹോമിയോ ഉപയോഗിക്കാമെന്ന് കേന്ദ്ര ആയുഷ് മന്ത്രാലയം വ്യക്തമാക്കിയതാെണന്ന് ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. അംഗീകാരമുള്ള സ്ഥാപനങ്ങളിൽ പഠിച്ച യോഗ്യരായ ഡോക്ടർമാരാണ് കോവിഡ് പ്രതിരോധത്തിനും ബാധിച്ചവർക്കും ഹോമിയോപതി മരുന്ന് കുറിച്ച് നൽകേണ്ടത് എന്ന് സുപ്രീംകോടതി വ്യക്തമാക്കി.
കോവിഡ് രോഗികളുടെ ചികിത്സക്കിടയിൽ ഹോമിയോപതി മരുന്ന് ഡോക്ടർമാർ നൽകരുതെന്ന് ആരെങ്കിലും പറഞ്ഞാൽ അത് തള്ളണമെന്ന് ആയുഷ് മന്ത്രാലയം സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയിട്ടുണ്ട്. മന്ത്രാലയത്തിെൻറ മാർഗനിർദേശവുമായി യോജിക്കുന്നതല്ല കേരള ഹൈകോടതിയുടെ വിധിയെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
ന്യൂഡൽഹി: ആയുഷ് മന്ത്രാലയത്തിെൻറ മാർഗനിർദേശങ്ങളെ ഹോമിയോയെ നിയന്ത്രിക്കുന്ന കാഴ്ചപ്പാടോടെയാണ് കേരള ഹൈകോടതി കണ്ടതെന്ന് വിധിയിൽ സുപ്രീംകോടതി വിമർശിച്ചു. എ.കെ.ബി സദ്ഭാവനാ മിഷൻ സ്കൂൾ ഒാഫ് ഹോമിയോ ഫാർമസി സമർപ്പിച്ച ഹരജിയിലാണ് സുപ്രീംകോടതി വിധി. കോവിഡ് ബാധിച്ചവർക്ക് ഹോമിയോ മരുന്ന് നൽകുന്ന ഡോക്ടർമാർക്കെതിരെ ഉചിതമായ നടപടിയെടുക്കണം എന്ന ഹൈകോടതിയുടെ നിരീക്ഷണം അംഗീകരിക്കാനാവില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ഹോമിയോപതി കൊണ്ട് കോവിഡ് ഭേദമാക്കാമെന്ന് അവകാശപ്പെടരുതെന്ന ഹൈകോടതി നിരീക്ഷണം അംഗീകരിക്കാം. കോവിഡ് ചികിത്സിച്ചുമാറ്റാമെന്ന് അലോപ്പതിപോലും അവകാശപ്പെടുന്നില്ല. കോവിഡ് വരാതിരിക്കാനും വന്നാൽ ആശ്വാസം നൽകാനുമുള്ള ഒന്നായി ഹോമിയോ മരുന്ന് ഉപയോഗിക്കാമെന്നും സുപ്രീംകോടതി വിധിച്ചു. പ്രതിരോധ ശക്തിക്കുള്ള ബൂസ്റ്റർ എന്ന നിലയിലും നിലവിലുള്ള ചികിത്സക്കൊപ്പം നൽകാവുന്ന ഒന്നായും ഹോമിയോ മരുന്ന് ഉപേയാഗിക്കുന്നതിന് വിലക്കില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
അതിനാൽ ആയുഷ് മന്ത്രാലയത്തിെൻറ മാർഗം കേരള ഹൈകോടതി വിധിയിലെ 14ാമത്തെ ഖണ്ഡികയിൽ മാറ്റം വരുത്തി ആയുഷ് മന്ത്രാലയവും കേന്ദ്ര സർക്കാറും ഹോമിയോപതി ഡോക്ടർമാർക്കിറക്കിയ മാർഗ നിർദേശങ്ങൾ പിന്തുടരേണ്ടതുണ്ട് എന്നു പറഞ്ഞാൽ മതിയെന്നു പറഞ്ഞാണ് സുപ്രീംകോടതി വിധിപ്രസ്താവം അവസാനിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.