'ഒമിക്രോണിനെ നിസാരമായി കാണരുത്' കോവിഡ് ബാധിച്ച ഡോക്ടർ പറയുന്നതിങ്ങനെ

ന്യൂഡൽഹി: കോവിഡി​ന്‍റെ മൂന്നാം തരംഗത്തെ നേരിടുകയാണ് രാജ്യം.ഏറ്റവും പുതിയ വകഭേദമായ ഒമിക്രോണാണ് ഡൽഹിയിലും മുംബൈയിലും ഉൾപ്പെടെ വ്യാപിക്കുന്നത്. ഉയർന്ന വ്യാപന ശേഷിയുള്ളവയാണെങ്കിലും അപകടകാരിയല്ലെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാൽ, ആഗോളതലത്തിൽ കോവിഡ് കേസുകളുടെ എണ്ണം കുത്തനെ ഉയർന്നതോടെ ഒമിക്രോണിനെ നിസാരമായി കാണരുതെന്ന നിർദേശവുമായി ലോകാരോഗ്യ സംഘടന മേധാവി ട്രെഡോസ് അധാനോം ഗെബ്രിയേസസ് രംഗത്തെത്തിയിരുന്നു.

ഇപ്പോൾ ഒമിക്രോണിനെ നിസാരമായി കണക്കാക്കരുതെന്ന നിർദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് ജോധ്പൂർ എയിംസിലെ ഒരു ഡോക്ടർ. പീഡിയാട്രിക്സ് വിഭാഗത്തിലെ റസിഡന്‍റ് ഡോക്ടറായ തൻമയ് മോട്ടിവാലക്ക് ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ചിരുന്നു. നിലവിൽ നിരീക്ഷണത്തിൽ കഴിയുകയാണ് അദ്ദേഹം. 'ജോലിക്കിടെ ഐ.സി.യുവിൽ ഒരു രോഗിയുമായി സമ്പർക്കം പുല​ർത്തേണ്ടിവന്നു. തുടർന്ന് ചെറിയ തലവേദനയുമുണ്ടായി. തുടർന്ന് മറ്റു ലക്ഷണങ്ങളും ശ്രദ്ധയിൽപ്പെട്ടതോടെ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു' അദ്ദേഹം എൻ.ഡി.ടി.വിയോട് പറയുന്നു.

കോവിഡി​ന്‍റെ പുതിയ തരംഗത്തിൽ ഡോക്ടർമാർക്ക് കൂടുതലായി രോഗം സ്ഥിരീകരിക്കുന്നുണ്ടെന്ന് മുതിർന്ന ഡോക്ടർ പറയുന്നു. ബൂസ്റ്റർ ഡോസുകൾ സ്വീകരിക്കുന്നതിന് ഒരുക്കങ്ങൾ തുടങ്ങിയെങ്കിലും അതിനുമുമ്പുതന്നെ കോവിഡ് വ്യാപനം രൂക്ഷമാകുകയാണ്. ഡെൽറ്റയെക്കോളും മറ്റു വകഭേദങ്ങളെക്കാളും കൂടുതൽ വ്യാപന ശേഷിയുള്ളതാണ് ഒമിക്രോൺ. മുൻ കോവിഡ് തരംഗങ്ങളിലും ഞാൻ ജോലി ചെയ്തിരുന്നു. ​അപ്പോഴും ഡോക്ടർമാർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. എന്നാൽ, ഇത്തവണത്തെ രോഗബാധയുടെ കണക്കുകൾ ആശങ്കയുണ്ടാക്കുന്നുണ്ട്. പലപ്പോഴും ഒരു വിഭാഗത്തിലെ മുഴുവൻ പേർക്കും രോഗം സ്ഥിരീകരിക്കുന്ന സാഹചര്യമുണ്ടാകുന്നു. ഇത് ആശങ്കാജനകമാണെന്നും ഡോക്ടർ പറയുന്നു. രോഗികളുടെ എണ്ണം കൂടുന്നതും ഒപ്പം ഡോക്ടർമാർക്ക് രോഗം സ്ഥിരീകരിക്കുന്നതും ആശുപത്രികളുടെ പ്രവർത്തന​ത്തെ ബാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

'ഉയർന്ന രോഗപ്രതിരോധ ശേഷിയുള്ളവരിൽ രോഗലക്ഷണങ്ങൾ കുറവായിരിക്കാം. പക്ഷേ റിസ്ക് കൂടിയവരിൽ ഇവ ഗുരുതരമാകും. ഉയർന്ന രോഗപ്രതിരോധ ശേഷിയുള്ളവർ ഇതിൽനിന്ന് രക്ഷപ്പെടുമെങ്കിലും പ്രിയപ്പെട്ടവരെ അപകടത്തിലാക്കിയേക്കാം' -അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരാഴ്ചയായി രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുത്ത​നെ ഉയരുകയാണ്. ഒരാഴ്ചമുമ്പ് 10,000 താഴെ കേസുകളാണ് റിപ്പോർട്ട് ചെയ്തതെങ്കിൽ നിലവിൽ ഒന്നരലക്ഷത്തിനടുത്തായി പ്രതിദിന രോഗബാധിതരുടെ എണ്ണം. 

Tags:    
News Summary - Covid Positive Doctor Says Dont Take Omicron Lightly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.