മുംബൈ: നഗരത്തിൽ കോവിഡ് ഹോട്ട് സ്പോട്ടായ ധാരാവി ചേരിയിൽ നിന്ന് ജീവനുംകൊണ്ടോടി അന്തർ സംസ്ഥാന തൊഴിലാളികൾ. വ്യാഴാഴ്ച രാത്രി നഗരത്തിലെ ചത്രപതി ശിവജി മഹാരാജ് ടെർമിനലിൽ നിന്ന് മുസഫർപുരിലേക്ക് പോയ ശ്രാമിക് പ്രത്യേക ട്രെയിനിൽ 1429 പേരാണ് ജന്മനാടുകളിലേക്ക് മടങ്ങിയത്. ഇവരിൽ 1100 പേർ ധാരാവി ചേരിയിൽ നിന്നുള്ളവരാണ്. കോവിഡ് വ്യപാനം രൂക്ഷമായ 90 ഫീറ്റ് അടക്കമുള്ള ധാരാവിയിലെ ഗല്ലികളിൽ നിന്നുള്ളവരാണ് ഇതിൽ 70 ശതമാനവും.
തെർമൽ പരിശോധനയിൽ രോഗ ലക്ഷണമില്ലെന്ന് ബോധ്യപ്പെട്ടവർക്കാണ് യാത്ര അനുവദിച്ചതെന്ന് പൊലിസ് പറഞ്ഞു. റെഡ് സോണിൽ നിന്നടക്കമുള്ള നാട്ടിലേക്ക് മടങ്ങുന്നവരെ, അവർക്ക് രോഗ ലക്ഷണങ്ങളില്ലെങ്കിൽ തടയരുതെന്നാണ് നഗരസഭക്കും പൊലിസിനുമുള്ള നിർദേശം. ധാരാവി വിട്ടവരെ കോവിഡ് വ്യപാനം തടയുന്നത് വരെ തിരിച്ചുവരാൻ അനുവദിക്കരുതെന്നും നിർദേശമുണ്ട്.
വെള്ളിയാഴ്ചവരെയുള്ള നഗരസഭ ആരോഗ്യ വകുപ്പ് കണക്കു പ്രകാരം 1145 പേർക്കാണ് ധാരാവയിൽ കോവിഡ് ബാധിച്ചത്. 53 പേർ മരിക്കുകയും ചെയ്തു. ജനം തിങ്ങി പാർക്കുകയും പൊതു ശുചിമുറി ഉപയോഗിക്കുകയും ചെയ്യുന്നതിനാൽ ധാരാവിയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഫലംകണ്ടിരുന്നില്ല. പ്രതിദിനം 50 നും 100 നുമിടിയിൽ രോഗം പകരുന്ന അവസ്ഥയിലാണ് ധാരാവി.
അതെസമയം, ധാരാവി പോലുള്ള ഹോട്ട് സ്പോട്ടിൽ നിന്ന് ആളുകളെ ജന്മനാടുകളിലേക്ക് മടങ്ങാൻ അനുവദിക്കുന്നത് കോവിഡ് വ്യപാനത്തിന് മറ്റിടങ്ങളിലും ആക്കം കൂട്ടുമെന്ന് വിദഗ്ദർ മുന്നറിയിപ്പു നൽകി. നിലവിൽ കണ്ടെത്തുന്ന കോവിഡ് രോഗികളിൽ 75 ശതമാനവും രോഗലക്ഷണങ്ങൾ ഇല്ലാത്തവരാണ്. രോഗവ്യപാനം എത്ര ശക്തമാണെന്ന് ഇത് വ്യക്തമാക്കുന്നതായി വിദഗ്ദർ ചൂണ്ടിക്കാട്ടി.
ഇതിനിടയിൽ, 50 ശതമാനം രോഗമുക്തിയാൽ നഗരത്തിലെ മറ്റൊരു ചേരി പ്രദേശം ആശ്വാസം പകരുന്നു. മത്സ്യ തൊഴിലാളികളുടെ കോളനിയായ വർളി–കോളിവാഡ, ജനത കോളനി അടങ്ങിയ നഗരസഭയുടെ ജി സൗത്ത് വാർഡാണ് പ്രതീക്ഷ നൽകുന്നത്. 1,223 രോഗികളിൽ 97 വയസ്സുകാരി അടക്കം 647 പേരാണ് രോഗം മാറി വീടണഞ്ഞത്. ഇവിടെ 60 പേർക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.