ന്യൂഡൽഹി: കോവിഡ് ബാധിതരുടെ ചികിത്സക്കും പരിശോധനക്കും പുതിയ മാർഗനിർദേശങ്ങൾ ഉൾപ്പെടുത്തി ഡൽഹി സർക്കാർ. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്ന കോവിഡ് രോഗികൾക്ക് ഒരു ഫോൺ വിളിയിൽ ഓക്സിജൻ സംവിധാനം ലഭ്യമാക്കും. കൂടാതെ പരിശോധനകളുടെ എണ്ണം മൂന്നു മടങ്ങായി വർധിപ്പിക്കുമെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറിയിച്ചു.
പരിശോധനകളുടെ എണ്ണം 5000ത്തിൽനിന്ന് 18,000 ആയി ഉയർത്തും. 30 മിനിറ്റിനകം പരിശോധന ഫലം പുറത്തുവരുന്ന റാപ്പിഡ് പരിശോധനയായിരിക്കും സംഘടിപ്പിക്കുകയെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് ബാധിതരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തായിരുന്നു ഡൽഹി. എന്നാൽ തമിഴ്നാട്ടിൽ പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം 2000 ത്തിൽ അധികമായതോടെ ഡൽഹി മൂന്നാം സ്ഥാനത്തായി.
മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കോവിഡ് ബാധിതർ. ഡൽഹിയിൽ 59,746 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 25000 ത്തോളം പേരാണ് നിലവിൽ ചികിത്സയിലുളളത്. 33,000 പേർ രോഗമുക്തി നേടി.
മറ്റു അസുഖങ്ങൾ ഇല്ലാത്ത കോവിഡ് രോഗികളോട് വീട്ടിൽ നിരീക്ഷണത്തിൽ കഴിയാനാണ് സർക്കാരിെൻറ നിർദേശം. ഗുരുതര രോഗികളെ കോവിഡ് കെയർ സെൻററുകളിൽ പ്രവേശിപ്പിക്കും. ഡൽഹിയിൽ കോവിഡ് മരണസംഖ്യ ഉയരാനുള്ള പ്രധാനകാരണം ശ്വാസകോശ സംബന്ധമായ രോഗങ്ങളായിരുന്നു. രക്തത്തിൽ ഓക്സിജെൻറ അളവ് കുറയുന്നതാണ് മരണകാരണം. കോവിഡ് രോഗികളുടെ രക്തത്തിലെ ഓക്സിജെൻറ അളവ് അറിയുന്നതിനായി വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് 'പൾസ് ഓക്സി മീറ്റർ' നൽകുമെന്നും സർക്കാർ അറിയിച്ചിരുന്നു.
കോവിഡ് പരിശോധനയുടെ എണ്ണം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറവായതിനെ തുടർന്ന് സുപ്രീംകോടതി ഡൽഹി സർക്കാരിനെ രൂക്ഷമായി വിമർശിച്ചിരുന്നു. ഇതേ തുടർന്ന് കോവിഡ് പരിശോധന എണ്ണം ഉയർത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.