ന്യൂഡൽഹി: പശു സംരക്ഷണത്തിെൻറയോ മറ്റേതെങ്കിലും പേരിലുള്ളതോ ആയ അക്രമോത്സുകതയെ സംരക്ഷിക്കരുതെന്ന് കേന്ദ്ര, സംസ്ഥാന സർക്കാറുകളോട് സുപ്രീംകോടതി. എന്നാൽ, ഇവ ക്രമസമാധാന വിഷയമെന്ന നിലയിൽ സംസ്ഥാനങ്ങളുടെ പരിധിയിൽ വരുന്ന വിഷയമാണ്, നിയന്ത്രിക്കേണ്ടത് സംസ്ഥാനങ്ങളാണെന്നും കേന്ദ്ര സർക്കാറിന് അതിലൊരു പങ്കുമില്ലെന്നും സർക്കാറിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ രഞ്ജിത്കുമാർ അറിയിച്ചു. സംസ്ഥാനങ്ങളോട് നിലപാട് അറിയിക്കാൻ കോടതി ആവശ്യപ്പെട്ടു.
സാമൂഹികപ്രവർത്തകൻ തെഹ്സീൻ എസ്. പൂനാവാല, പശു സംരക്ഷകരുടെ അക്രമത്തിന് ഇരയായ മോഹൻഭായ് ബേഡ്വ, ദലിത് മനുഷ്യാവകാശപ്രവർത്തകൻ മാർട്ടിൻ മക്വാൻ എന്നിവരുടെ പൊതുതാൽപര്യ ഹരജിയിൽ ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ, എം.എം. സന്താനഗൗഡർ എന്നിവർ അടങ്ങിയ ബെഞ്ചിെൻറ വാദംകേൾക്കലിനിടെയായിരുന്നു സർക്കാർ അഭിഭാഷകൻ നിലപാട് അറിയിച്ചത്.
പശു സംരക്ഷക ഗ്രൂപ്പുകളുടെ അക്രമം വർധിച്ചതിൽ എന്തു നടപടിയാണ് കൈക്കൊണ്ടതെന്ന് സുപ്രീംകോടതി നിരന്തരം ആവശ്യപ്പെട്ടിരുന്നുവെങ്കിലും കേന്ദ്ര സർക്കാറോ ഗുജറാത്ത്, രാജസ്ഥാൻ, ഉത്തർപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളോ രേഖാമൂലം മറുപടി നൽകിയില്ല. പ്രതികരണം ഇല്ലാത്തതെന്ത് എന്ന് ഹരജിക്കാരിൽ ഒരാൾക്കുവേണ്ടി ഹാജരായ അഭിഭാഷകൻ സഞ്ജയ് ഹെഡ്ഗേ ചോദിച്ചു. തുടർന്നാണ് അത് സംസ്ഥാന വിഷയമാണെന്നും കേന്ദ്ര സർക്കാറിന് പങ്കില്ലെന്നും സോളിസിറ്റർ ജനറൽ വ്യക്തമാക്കിയത്. ഒാരോ കേസിലും സംസ്ഥാനങ്ങൾ നടപടി സ്വീകരിക്കുകയും കുറ്റാരോപിതരെ ജയിലിൽ അടക്കുകയും ചെയ്തിട്ടുണ്ടെന്നും രഞ്ജിത് കുമാർ പറഞ്ഞു. കോടതി ഇത് രേഖപ്പെടുത്തി.
തങ്ങളുടെ മറുപടി ഫയൽ ചെയ്തിട്ടില്ലെന്ന് ഉത്തർപ്രദേശ് സർക്കാറിെൻറ അഭിഭാഷകൻ അറിയിച്ചു. പശു സംരക്ഷണത്തിെൻറ പേരിൽ ഒരു അക്രമസംഭവമുണ്ടായെന്നും ഉത്തരവാദിയെന്ന് ആരോപിതനായ വ്യക്തിയെ അറസ്റ്റ് ചെയ്തുവെന്നും ഗുജറാത്ത് സർക്കാറിെൻറ അഭിഭാഷകൻ പറഞ്ഞു. ഝാർഖണ്ഡും സമാന നിലപാട് അറിയിച്ചു. അക്രമസംഭവങ്ങളെക്കുറിച്ച് റിപ്പോർട്ട് ഹാജരാക്കാൻ രാജസ്ഥാൻ, ഉത്തർപ്രദേശ്, ഗുജറാത്ത്, ഝാർഖണ്ഡ്, മഹാരാഷ്ട്ര, കർണാടക സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ട കോടതി നാലാഴ്ച സമയവും അനുവദിച്ചു. കൂടുതൽ വാദങ്ങൾക്കായി കേസ് സെപ്റ്റംബർ ആറിന് പരിഗണിക്കും. പശു സംരക്ഷകരുടെ അക്രമസംഭവങ്ങളിൽ എന്തു നടപടി സ്വീകരിച്ചുവെന്ന് ഏപ്രിൽ ഏഴിനാണ് ആറ് സംസ്ഥാനങ്ങളോട് കോടതി ചോദിച്ചത്. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഹിംസാത്മക സംഭവങ്ങളുടെ വിഡിയോ നീക്കുന്നതിൽ കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ സഹായവും ഹരജിക്കാർ തേടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.