ന്യൂഡൽഹി: വിവാദമായ കൗ ഹഗ് ഡേ സർകുലർ കേന്ദ്ര മൃഗസംരക്ഷണ ബോർഡ് പിൻവലിച്ചു. കേന്ദ്രസർക്കാർ നിർദേശ പ്രകാരമാണ് സർകുലർ പിൻവലിച്ചത്. പ്രണയ ദിനമായ ഫെബ്രുവരി 14ന് കൗ ഹഗ് ഡെ ആചരിക്കാനായിരുന്നു കേന്ദ്രത്തിന്റെ നിർദേശം. പശുക്കളെ ആലിംഗനം ചെയ്യണമെന്ന സർകുലർ വിവാദമായിരുന്നു.
പ്രണയ ദിനമായി ആഘോഷിക്കുന്ന ഫെബ്രുവരി 14 'കൗ ഹഗ് ഡേ' ആയി ആചരിക്കാൻ കഴിഞ്ഞ ദിവസം കേന്ദ്ര മൃഗസംരക്ഷണ വകുപ്പാണ് ആഹ്വാനം ചെയ്തത്. ഇന്ത്യൻ സംസ്കാരത്തിന്‍റെയും ഗ്രാമീണ സമ്പദ്ഘടനയുടെയും ജൈവവൈവിധ്യത്തിന്‍റെയും നട്ടെല്ലാണ് പശുക്കളെന്നും അവയെ കെട്ടിപ്പിടിക്കുന്നത് ആളുകളിൽ വൈകാരിക സമൃദ്ധിയും സന്തോഷവും നിറക്കുമെന്നും കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറി എസ്.കെ. ദത്തയുടെ ആഹ്വാനത്തിൽ പറഞ്ഞിരുന്നു.
‘‘ഇന്ത്യൻ സംസ്കാരത്തിന്‍റെയും ഗ്രാമീണ സമ്പദ്ഘടനയുടെയും സുസ്ഥിരമായ ജീവിതത്തിന്‍റെയും കന്നുകാലി സമ്പത്തിന്‍റെയും ജൈവവൈവിധ്യത്തിന്‍റെയും നട്ടെല്ലാണ് പശുക്കൾ. അമ്മയെപ്പോലെ, എല്ലാത്തിനെയും പരിപോഷിപ്പിക്കുന്നതിനാലാണ് പശു കാമധേനു എന്നും ഗോമാതയെന്നും അറിയപ്പെടുന്നത്. കാലാകാലങ്ങളായി പാശ്ചാത്യ സംസ്കാരം അധിനിവേശം നടത്തുന്നതിനാൽ വേദ സംസ്കാരം അവസാനത്തിന്‍റെ വക്കിലാണ്. പാശ്ചാത്യ സംസ്കാരം കാരണം നമ്മുടെ സംസ്കാരവും പാരമ്പര്യവും ഏതാണ്ട് മറന്ന അവസ്ഥയായി.
പശുവിനുള്ള വളരെയേറെ ഗുണങ്ങൾ പരിഗണിക്കുമ്പോൾ, പശുവിനെ കെട്ടിപ്പിടിക്കുന്നത് വൈകാരികപൂർണവും ഏവർക്കും സന്തോഷം നിറക്കുന്നതുമാണ്. പശു നൽകുന്ന പോസിറ്റീവ് എനർജിയും ജീവിതത്തിൽ സന്തോഷം നിറക്കുന്ന ഗോമാതാവിന്‍റെ പ്രധാന്യവും കണക്കിലെടുത്ത് എല്ലാ പശുസ്നേഹികളും ഫെബ്രുവരി 14 കൗ ഹഗ് ഡേ (പശുക്കളെ കെട്ടിപ്പിടിക്കാനുള്ള ദിനം) ആയി ആചരിക്കണമെന്ന് ആഹ്വാനം ചെയ്യുകയാണ്’’ -മൃഗസംരക്ഷണ വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
മൃഗസംരക്ഷണ വകുപ്പിന്‍റെ ആഹ്വാനം ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതോടെയാണ് നടപടി പിൻവലിച്ചത്. സമൂഹമാധ്യമങ്ങളിൽ വൻ വിമർശനമാണ് ഇതിനെതിരെ ഉയർന്നത്. സംഘ്പരിവാർ അനുകൂലികൾ 'കൗ ഹഗ് ഡേ'യെ സ്വാഗതം ചെയ്തും രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.