അഹ്മദാബാദ്: വിമാനത്താവളത്തിലെ റൺവേയിൽ പശുവിനെ കണ്ടതിനെതുടർന്ന് ഇറങ്ങാൻ തുടങ്ങിയ രണ്ട് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. സുരക്ഷാകാരണങ്ങളാൽ ഏതാനും വിമാനങ്ങളുടെ യാത്ര വൈകുകയും ചെയ്തു. അഹ്മദാബാദിലെ സർദാർ വല്ലഭ്ഭായ് പേട്ടൽ ഇൻറർനാഷനൽ എയർപോർട്ടിലാണ് പശു നിരവധിപേരുടെ യാത്ര അവതാളത്തിലാക്കിയത്. വ്യാഴാഴ്ച പുലർച്ച മൂന്ന് മണിയോടെ അബൂദബിയിൽ നിന്ന് വന്ന ഇത്തിഹാദ് ഫ്ലൈറ്റും ഒരു ചരക്കുവിമാനവുമാണ് മുംബൈയിലേക്ക് തിരിച്ചുവിട്ടത്. പിന്നാലെ വന്നിറങ്ങേണ്ട അഞ്ച് വിമാനങ്ങളും ഇവിടെനിന്ന് പുറപ്പെടേണ്ടിയിരുന്ന ഏതാനും വിമാനങ്ങളും സുരക്ഷാപരിശോധന പൂർത്തിയാക്കിയാണ് സർവിസ് തുടർന്നത്.
വിമാനം ഇറങ്ങാൻ തുടങ്ങുന്നതിനിടെ പൈലറ്റ് റൺവേക്കടുത്ത് പശുവിനെ കാണുകയായിരുന്നു. സംഭവം സ്ഥിരീകരിച്ച അഹ്മദാബാദ് എയർപോർട്ട് ഡയറക്ടർ മനോജ് ഗംഗൽ സുരക്ഷക്കാണ് എറ്റവും പ്രാധാന്യം നൽകുന്നതെന്നും എയർപോർട്ട് അതോറിറ്റി സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും പറഞ്ഞു. വിമാനത്താവളത്തിനുള്ളിലേക്ക് വാഹനങ്ങൾ പ്രവേശിക്കുന്നതിനായി ഗേറ്റ് തുറന്ന സമയത്ത് പശു കടക്കുകയായിരുന്നുവെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.