ന്യൂഡൽഹി: ആൾക്കൂട്ടം തല്ലിച്ചതക്കുന്നതും കൊല ചെയ്യുന്നതും സംസ്ഥാനങ്ങൾ തടഞ്ഞേ തീരൂ എന്ന് സുപ്രീംകോടതി. നിയമം കൈയിലെടുക്കാൻ ആരെയും അനുവദിക്കരുത്. നിയമം കൈയിലെടുക്കാൻ ഇവരൊക്കെ ആരാണ്? ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ചോദിച്ചു. ആൾക്കൂട്ട അതിക്രമം തടയാൻ വിപുലമായ ഉത്തരവ് ഉണ്ടാകുമെന്ന് ചീഫ് ജസ്റ്റിസിെൻറ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് വ്യക്തമാക്കി.
പശുവിെൻറ പേരിൽ വർധിച്ചു വരുന്ന അക്രമ സംഭവങ്ങൾ തടയുന്നതിന് കോടതി ഇടപെടൽ ആവശ്യപ്പെടുന്ന ഒരു കൂട്ടം ഹരജികൾ സുപ്രീംകോടതി വിധി പറയാനായി മാറ്റിവെച്ചു. മതമോ ജാതിയോ വർണമോ ഒന്നും നോക്കാതെ തന്നെ, ഇത്തരം കുറ്റകൃത്യങ്ങൾക്ക് ഇരയാകുന്നവർക്ക് കോടതി ഉത്തരവിലൂടെ നഷ്ടപരിഹാരം ലഭ്യമാക്കുമെന്നും കോടതി സൂചിപ്പിച്ചു.
ആൾക്കൂട്ട അക്രമം ക്രമസമാധാന പ്രശ്നമാണ്, ക്രമസമാധാനം ഉറപ്പു വരുത്തേണ്ടത് സംസ്ഥാനത്തിെൻറ ചുമതലയാണ്, കരുതൽ നടപടികൾക്ക് കേന്ദ്രം ഉപദേശ നിർദേശങ്ങൾ നൽകിവരുന്നുണ്ട് എന്നിങ്ങനെയായിരുന്നു സർക്കാർ അഭിഭാഷകെൻറ വാദം. ആൾക്കൂട്ട ആക്രമണങ്ങൾ നിയന്ത്രിക്കുന്നതിന് ചട്ടക്കൂടും മാർഗരേഖയുമൊന്നും ആവശ്യമില്ലെന്ന നിലപാടാണ് കേന്ദ്രം സുപ്രീംകോടതിയിൽ പ്രകടിപ്പിച്ചത്. എന്നാൽ വിശദമായ ഉത്തരവ് തന്നെ നൽകേണ്ടതുണ്ടെന്ന് കോടതി തീരുമാനിക്കുകയായിരുന്നു.
ആൾക്കൂട്ടത്തിെൻറ അതിക്രമത്തിനു പിന്നിലെ ലക്ഷ്യങ്ങളിലേക്കൊന്നും കോടതി കടക്കുന്നില്ല. സംസ്ഥാനങ്ങൾ നടപടി എടുത്തേ തീരൂ. ആക്രമണങ്ങൾ തടയുന്നുവെന്ന് കോടതികളും ഉറപ്പാക്കേണ്ടതുണ്ട്. കുറ്റകൃത്യത്തിെൻറ ഇര, ഇര തന്നെ. എത്രത്തോളം പരിക്കേറ്റു എന്നു നോക്കി നഷ്ടപരിഹാരം തീരുമാനിക്കും. സ്ഥിരം ഭീതി അനുഭവിക്കുന്നവരാണ് ഇരകൾ ^കോടതി പറഞ്ഞു.
പശുവിെൻറ പേരിലുള്ള ആക്രമണങ്ങൾ തടയാൻ എല്ലാ സംസ്ഥാനങ്ങളും നോഡൽ ഒാഫീസറെ വെക്കണമെന്ന് സെപ്തംബർ ആറിന് കോടതി നൽകിയ നിർദേശം പാലിക്കാത്ത സംസ്ഥാനങ്ങൾക്കെതിരെ കോടതിയലക്ഷ്യ നടപടി എടുക്കണമെന്ന് മുതിർന്ന അഭിഭാഷക ഇന്ദിര ജയ്സിങ് ആവശ്യപ്പെടു. കോടതി നിർദേശമുണ്ടായിട്ടും ആൾക്കൂട്ട കൊല തുടർന്നു. കോടതി നിർദേശം മാനിക്കുന്നതിൽ സംസ്ഥാനങ്ങൾ പരാജയപ്പെട്ടുവെന്നും സാമൂഹിക പ്രവർത്തകൻ തുഷാർ ഗാന്ധിക്കു വേണ്ടി ഹാജരായ ഇന്ദിര ജയ്സിങ് കുട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.