ന്യൂഡൽഹി: ഒക്ടോബർ അഞ്ചിന് നടക്കുന്ന ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസും സി.പി.എമ്മും സഖ്യമായി മത്സരിക്കും. 89 സീറ്റിൽ കോൺഗ്രസും ഒരു സീറ്റിൽ സി.പി.എമ്മും മത്സരിക്കാനാണ് തീരുമാനം. അതേസമയം, സമാജ്വാദി പാർട്ടി സഖ്യത്തിന്റെ ഭാഗമല്ല. പത്രിക സമർപ്പണം അവസാനിക്കാൻ മണിക്കൂറുകൾ ബാക്കിയിരിക്കെ വ്യാഴാഴ്ച ഉച്ചയോടെയാണ് ഭിവാനി മണ്ഡലം സി.പി.എമ്മിന് വിട്ടുനൽകിയതായി കോൺഗ്രസ് പ്രഖ്യാപിച്ചത്.
സോഹ്ന മണ്ഡലമായിരുന്നു സമാജ്വാദി പാർട്ടിക്ക് മാറ്റിവെച്ചത്. എന്നാൽ, അവസാന നിമിഷം ഇവിടെ ജെ.ജെ.പി വിട്ട് പാർട്ടിയിലെത്തിയ റോഷ്തേഷിനെ മത്സരിപ്പിക്കാൻ കോൺഗ്രസ് തീരുമാനിക്കുകയായിരുന്നു. കൂടുതൽ സീറ്റിൽ കടുംപിടിത്തം പിടിച്ചതിനാൽ ആം ആദ്മി പാർട്ടി സഖ്യം വേണ്ടെന്ന് കോൺഗ്രസ് നിലപാടെടുത്തിരുന്നു. കോൺഗ്രസ് പ്രഖ്യാപിച്ച മണ്ഡലങ്ങളിൽ ആം ആദ്മി പാർട്ടി സ്ഥാനാർഥികളെ നിർത്തുകയും ചെയ്തു. 90ൽ 89 സീറ്റിലും ആം ആദ്മി പാർട്ടി സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ട്. ആം ആദ്മി പാർട്ടി 10 സീറ്റ് ആയിരുന്നു ആവശ്യപ്പെട്ടത്. കോൺഗ്രസ് അഞ്ച് സീറ്റ് വാഗ്ദാനം ചെയ്തു. വിട്ടുവീഴ്ച ചെയ്യാൻ ഇരു പാർട്ടികളും തയാറാകാതെ വന്നതോടെയാണ് സഖ്യനീക്കം പൊളിഞ്ഞത്.
ചണ്ഡീഗഢ്: ഹരിയാന നിയസഭ തെരഞ്ഞെടുപ്പിൽ അവശേഷിക്കുന്ന മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയും പ്രഖ്യാപിച്ച് ആം ആദ്മി പാർട്ടി. പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസമായ വ്യാഴാഴ്ചയാണ് സ്ഥാനാർഥികളുടെ പൂർണ പട്ടിക പുറത്തുവിട്ടത്.
കോൺഗ്രസുമായുള്ള സീറ്റ് ചർച്ച പരാജയപ്പെട്ടതോടെയാണ് ആപ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. ഒക്ടോബർ അഞ്ചിനാണ് തെരഞ്ഞെടുപ്പ്. 2019ൽ 46 മണ്ഡലങ്ങളിൽ ആപ് മത്സരിച്ചിരുന്നുവെങ്കിലും ഒറ്റ സീറ്റിലും ജയിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.