ആർ.ജി കാർ സംഭവത്തിൽ പ്രതിഷേധം; അറസ്റ്റിലായ സി.പി.എം നേതാവിന് ജാമ്യം

കൊൽക്കത്ത: ആർ.ജി കാർ മെഡിക്കൽ കോളജുമായി ബന്ധപ്പെട്ട സംഭവത്തിൽ ഫോൺവിളിയിലൂടെ അക്രമം ആസൂത്രണം ചെയ്തുവെന്നാരോപിച്ച് അറസ്റ്റുചെയ്ത ബംഗാൾ ഡി.വൈ.എഫ്.ഐ നേതാവ് കാലാദൻ ദാസ് ഗുപ്തയെ കൽക്കട്ട ഹൈകോടതിയുടെ ഉത്തരവിനെതുടർന്ന് ജാമ്യത്തിൽ വിട്ടു. 500 രൂപയുടെ ബോണ്ടിൽ സമാനമായ തുകക്കാണ് ഹൈകോടതി ദാസ്ഗുപ്തക്ക് ജാമ്യം അനുവദിച്ചത്. അറസ്റ്റു ചെയ്‌ത കേസിലോ ഇനി രജിസ്‌റ്റർ ചെയ്‌തേക്കാവുന്ന മറ്റേതെങ്കിലും കേസിലോ സി.പി.ഐ.എമ്മി​ന്‍റെ യുവജന വിഭാഗമായ ഡി.വൈ.എഫ്.ഐ നേതാവിനെതിരെ നടപടിയെടുക്കുന്നതിൽനിന്ന് പൊലീസിനെ വിലക്കിക്കൊണ്ട് ജസ്റ്റിസ് രാജർഷി ഭരദ്വാജ് ഉത്തരവിട്ടു.

ന്യായമായ ആവശ്യത്തിനായി പോരാടുന്നത് തുടരുമെന്ന് മോചനത്തിന് ശേഷം ദാസ് ഗുപ്ത പറഞ്ഞു. ഇത്തരം കേസുകൾ ഞങ്ങൾ ശരിയായ പാതയിലാണെന്ന് കാണിക്കുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.

സ്ത്രീകൾക്ക് ജോലിസ്ഥലത്ത് സുരക്ഷ ഉറപ്പാക്കുന്നതിൽ സംസ്ഥാന അധികാരികളുടെ വീഴ്ചക്കെതിരെ സമാധാനപരമായ പ്രകടനങ്ങളിൽ സജീവമായി പങ്കെടുത്തതിനാൽ കള്ളക്കേസിൽ കുടുക്കുകയായിരുന്നുവെന്ന് ദാസ്ഗുപ്തയുടെ അഭിഭാഷകർ കോടതിയിൽ വാദിച്ചു. ഡി.വൈ.എഫ്.ഐ നേതാവും ബംഗാളി മുഖപത്രമായ ‘ജുബോശക്തി’യുടെ എഡിറ്ററുമായ ഗുപ്തയെ ബിദാൻനഗർ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ശേഷം ജാമ്യം നൽകി കസ്റ്റഡിയിൽ നിന്ന് മോചിപ്പിച്ചു.

Tags:    
News Summary - CPM leader Kalatan Dasgupta, arrested over RG Kar protests, walks out on bail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.